kannur local

ആറളം ഫാമില്‍ വീണ്ടും കാട്ടാന വിളയാട്ടം



ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടം നിരവധി പേരുടെ വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയ്ക്ക് വ്യാപകമായി നശിപ്പിച്ചു. ആക്രമണകാരിയായ ചുള്ളിക്കൊമ്പനെ പിടികൂടി കൂട്ടിലടച്ചെങ്കിലും ആറോളം ആനകള്‍ ജനവാസ മേഖലയിലൂടെ ഇപ്പോഴും കറങ്ങിനടക്കുകയാണ്. പുനരധവാസമേഖലയിലെ 11ാം ബ്ലോക്കില്‍ ഇറങ്ങിയ ആനക്കൂട്ടം പ്രദേശത്തെ നൂറോളം വാഴകളും തെങ്ങും കവുങ്ങുകളും വ്യാപകമായി നശിപ്പിച്ചു. ആദിവാസിയായ മാലങ്ങാടന്‍ കുങ്കന്റെ കുലയ്ക്കാറായ നൂറോളം നേന്ത്രവാഴകളാണ് നശിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് ബാങ്കില്‍ നിന്നു ലോണെടുത്താണ് വാഴ നട്ടത്. പ്രദേശവാസിയായ ശാന്ത, കൊളക്കാടന്‍ കേളപ്പന്‍ എന്നിവരുടെ കൃഷിക്കും വ്യാപക നാശം വരുത്തി. പൂവ്വത്തി രാധയുടെ വാഴ, തെങ്ങ്, കശുമാവ് എന്നിവയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ആനക്കൂട്ടം കൃഷിത്തോട്ടത്തില്‍ എത്തിയത്. രണ്ടുവര്‍ഷം മുമ്പ് ഇവരുടെയെല്ലാം കൃഷിയിടത്തില്‍ ആനക്കൂട്ടമെത്തി വന്‍ തോതില്‍ നാശനഷ്ടം വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൃഷിയിടം മുഴുവന്‍ പോളിത്തീന്‍ ഷീറ്റുകള്‍ വലിച്ചുകെട്ടിയാണ് കൃഷിനടത്തിക്കൊണ്ടിരുന്നത്. ഷീറ്റുകൊണ്ട് ഉണ്ടാക്കിയ വേലി തകര്‍ത്താണ് ആനയെത്തിയത്. കഴിഞ്ഞ ദിവസം പാലപ്പുഴയില്‍ ജനവാസ മേഖലയില്‍ ആനക്കൂട്ടം എത്തിയത് ജനങ്ങളില്‍ ഭീതി പരത്തിയിരുന്നു. ചുള്ളിക്കൊമ്പനെ പിടിച്ചുകെട്ടിയതോടെ ആനക്കൂട്ടം ആളുകളുടെ ഒച്ചപ്പാടും വെളിച്ചവും കാണുമ്പോള്‍ ഓടി മറിയുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഫാമില്‍ യഥേഷ്ടം ചക്കയും മാങ്ങയും ലഭിക്കുന്നതിനാലാണ് ആറളം വനത്തില്‍ നിന്നു കാലോമീറ്ററുകളോളം അകലെയുള്ള ജനവാസമേഖലയിലേക്ക് എത്തുന്നത്. വനത്തിലേക്ക് തുരത്തിയാലും വീണ്ടും ആനമതിലും മറ്റും കടന്ന് ജനവാസമേഖലയിലേക്ക് തന്നെ തിരികെ പ്രവേശിക്കുകയാണ്.
Next Story

RELATED STORIES

Share it