kannur local

ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; വീട് തകര്‍ത്തു

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ മണിക്കൂറുകളോളം ഭീതിപരത്തി. ആദിവാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് ആനക്കൂട്ടം തകര്‍ത്തു. പുനരധിവാസ മേഖല വളയംചാല്‍ ഒമ്പതാം ബ്ലോക്കിലെ തലക്കുളം ജിഷയുടെ വീടാണ് ആന തകര്‍ത്തത്. വീട്ടിന്റെ ജനല്‍ തള്ളിമാറ്റിയ ആനക്കൂട്ടം ഭിത്തിയില്‍ ചവിട്ടി വിള്ളല്‍ വീഴ്്ത്തി. വീട്ടുമുറ്റത്ത് ഇറക്കിയ നിര്‍മാണ സാമഗ്രികളും വ്യാപകമായി നശിപ്പിച്ചു. വെള്ളം നിറച്ചുവച്ച മൂന്ന് ബാരലുകളും വെള്ളം നിറയ്ക്കാനായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക സംഭരണ കേന്ദ്രവും നശിപ്പിച്ചു.
ഭിത്തി നിര്‍മിക്കാനായി ഇറക്കിവച്ച നൂറോളം ചെങ്കലുകളും ചവിട്ടിയുടച്ചു. വീടിനു സമീപം ഭക്ഷണമുണ്ടാക്കാനായി ഒരുക്കിയ സ്ഥലത്ത് വച്ച പാത്രങ്ങലും നശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി 10ഓടെയാണ് ആനക്കൂട്ടമെത്തിയത്. സമീപത്തെ സുരേന്ദ്രന്റെ വീട്ടുപറമ്പിലെ വാഴകളും വ്യാപകമായി നശിപ്പിച്ചു. സമീപത്തെ ശ്രീജയുടെ വീട്ടുമുറ്റത്ത് 10 മിനുട്ടുനേരം നിലയുറപ്പിച്ച ആനക്കൂട്ടം രാത്രി ഏറെ വൈകിയാണ് കാട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. ജനവാസ മേഖലയില്‍ മൂന്നുമണിക്കൂര്‍ നേരമാണ് ആനക്കൂട്ടം ജനങ്ങളെ ഭീതിയിലാക്കിയത്. വനം വകപ്പിനെയും പോലിസിനെയും വിവരം അറിയിച്ചെങ്കിലും ഏറെ വൈകിയാണ് എത്തിയതെന്ന് നാടുകാര്‍ പറഞ്ഞു. മാസങ്ങളായി ആനക്കൂട്ടം ഫാം അധീനതയിലുള്ള പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
പുനരധിവാസ മേഖലയില്‍ ഉള്‍പ്പെടെ കശുവണ്ടി ഉല്‍പ്പാദനം ആരംഭിച്ചതോടെ കശുമാങ്ങ തേടിയാണ് ആനക്കൂട്ടം ഇറങ്ങിയിരിക്കുന്നത്.
നേരത്തേ ആക്രമണകാരിയായ ചുള്ളിക്കൊമ്പനെ മയക്കുവടിവെച്ച് തളച്ചതോടെ ജനവാസ മേഖലയില്‍ ആനക്കൂട്ടത്തിന്റെ ആക്രമണത്തിന് ശമനമുണ്ടായിരുന്നു. ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ വനം വകുപ്പും ഭീതിയിലാണ്. കശുവണ്ടി ശേഖരിക്കാനായി പുനരധിവാസ മേഖലയിലെ വിദൂര സ്ഥലങ്ങളില്‍ പോലും ആളുകള്‍ താല്‍ക്കാലിക കുടില്‍കെട്ടി താമസിക്കുകയാണ്. വേണ്ടത്ര വെളിച്ചം പോലുമില്ലാത്ത തീര്‍ത്തും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലാണ് ഏറെപേര്‍ താമസിക്കുന്നത്.
ജനവാസ മേഖലയില്‍ നിന്നു ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it