kannur local

ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം

ഇരിട്ടി: ആനമതില്‍ തകര്‍ത്ത് ആറളം വനത്തില്‍ നിന്നു ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിന്റെ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വിതച്ചു. ഫാം അധീനതിയിലുള്ള കൃഷി സ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടം ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ ഫാമിനകത്ത് നാലാം ബ്ലോക്കില്‍ പരാക്രമം നടത്തി. 11 ഓളം തെങ്ങുകള്‍ കുത്തിവീഴ്ത്തി. നിരവധി കശുമാവുകളും കവുങ്ങും നശിപ്പിച്ചു. കാട്ടാനയെ കണ്ട് കശുമാവിന്‍ തോട്ടം തെളിക്കാനെത്തിയ തൊഴിലാളികള്‍ ഭയന്നോടുകയായിരുന്നു. രണ്ടാഴ്ചയിലേറെയായി ഫാമിന്റെ രണ്ട്, നാല് ബ്ലോക്കുകളില്‍ തമ്പടിച്ച കാട്ടാനക്കുട്ടം നൂറുകണക്കിന് തെങ്ങുകളും മറ്റ് കൃഷികളുമാണ് നശിപ്പിക്കുന്നത്. ഇതോടെ കഴിഞ്ഞ നാലുമാസത്തിനിടെ നിറയെ കായ്ഫലമുള്ള 500ഓളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആനക്കൂട്ടത്തെ ഫാമിന്റെ അധീനതയിലുള്ള മേഖലയില്‍ നിന്നു വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തൊഴിലാളികള്‍ ഭയന്ന് ജോലിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.    നേരത്തേ ഫാമിനകത്ത് താവളമാക്കിയ ആറ് ആനകള്‍ക്ക് പുറമെ കഴിഞ്ഞ ദിവസം ആനമതില്‍ തകര്‍ത്ത് അഞ്ചെണ്ണം കൂടി ഫാമിനകത്ത് പ്രവേശിച്ചു. ഇതോടെ ഫാമിനകത്ത് 11 ആനകളുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ അപകടകാരിയായ മോഴയാനയും ഒരു കൊമ്പനാനയുമാണ് തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവര്‍ക്ക് നേരെയാണ് ഇവ പാഞ്ഞടുക്കുന്നത്. ഫാമില്‍ കശുവണ്ടി സീസണ്‍ ആരംഭിച്ചിരിക്കെ കാടുവെട്ടല്‍ വ്യാപകമായി നടക്കുകയാണ്. കാട് വെട്ടാന്‍ കരാര്‍ എടുത്തവര്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കാടുവെട്ട് യന്ത്രം ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഫാമിന്റെ പ്രദേശങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ല. കാട്ടാന ആക്രമിക്കാനെത്തിയാല്‍ എങ്ങോട്ട് നീങ്ങണമെന്നറിയാത്ത അവസ്ഥ വന്‍ അപകട സാധ്യതയുണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it