kannur local

ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടം തെങ്ങുകള്‍ കുത്തിവീഴ്ത്തി

ഇരിട്ടി: ആനമതില്‍ തകര്‍ത്ത് വനത്തില്‍നിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പ്രവേശിച്ച കാട്ടാനക്കൂട്ടം കനത്ത നാശം വിതച്ചു. ഫാമിനു കീഴിലുള്ള കൃഷിസ്ഥലത്ത് തമ്പടിച്ച ആനക്കൂട്ടം ഒമ്പതോളം തെങ്ങുകള്‍ കുത്തിവീഴ്ത്തി. നിരവധി കശുമാവുകളും നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. നാലാം ബ്ലോക്കിലെ മഞ്ഞള്‍ മലയിലാണ് കൃഷിനാശം വരുത്തിയത്.ഒരാഴ്ച മുമ്പ് രണ്ട്, നാല് ബ്ലോക്കുകളിലെ 12ഓളം തെങ്ങുകള്‍ കുത്തിവീഴ്ത്തിയിരുന്നു. ഇതോടെ കഴിഞ്ഞ നാലുമാസത്തിനിടയില്‍ നിറയെ കായ്ഫലമുള്ള 500 ഓളം തെങ്ങുകളാണ് ആനകള്‍ നശിപ്പിച്ചത്. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള യാതൊരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. ഭയന്ന് ജോലിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. നേരത്തെ ഫാമിനകത്ത് താവളമാക്കിയ ആറ് ആനകള്‍ക്ക് പുറമെ കഴിഞ്ഞ ദിവസം ആനമതില്‍ തകര്‍ത്ത് അഞ്ചെണ്ണംകൂടി പ്രവേശിച്ചിട്ടുണ്ട്. ഇതോടെ ഫാമിനകത്ത് 11 ആനകളുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ ആപകടകാരിയായ മോഴയാനയും ഒരു കൊമ്പനുമാണ് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവര്‍ക്കുനേരെ പാഞ്ഞടുക്കുകയാണ് ഇവ. ഫാമില്‍ കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ കാടുവെട്ടല്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ജോലി. ഇവര്‍ക്ക് ഫാമിന്റെ പ്രദേശങ്ങളെപ്പറ്റി ഒരുധാരണയുമില്ല. ആനകള്‍ ആക്രമിക്കാനെത്തിയാല്‍ എങ്ങോട്ട് നീങ്ങണമെന്നറിയില്ല. ഫാമിലെ 1, 2 ബ്ലോക്കുകളിലെ തെങ്ങുകള്‍ പാട്ടത്തിന് നല്‍കിയിരുന്നു. കാട്ടാനക്കൂട്ടം തെങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നതും വാനരശല്യവും കാരണം വന്‍ സാമ്പത്തിക നഷ്ടമാണ് പാട്ടത്തിനെടുത്തവര്‍ക്ക് ഉണ്ടാവുന്നത്.
Next Story

RELATED STORIES

Share it