kannur local

ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം



ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വന്‍ കൃഷിനാശം വരുത്തി. ഫാമിന്റെ അധീനതയിലുള്ള ഒന്നാം ബ്ലോക്കില്‍ ആനക്കൂട്ടം 15 വര്‍ഷത്തിലധികം പ്രായമായ പത്തോളം തെങ്ങുകള്‍ കുത്തിവീഴ്ത്തി. നാല് ആനകളാണ് നാശനഷ്ടം വരുത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് ആനക്കൂട്ടമെത്തിയത്. കഴിഞ്ഞ ദിവസം ഫാം സെന്‍ട്രല്‍ നഴ്‌സറിയിലെ 500 ഓളം തെങ്ങിന്‍ തൈകളും പത്തോളം വലിയ തെങ്ങുകളും തൊഴിലാളികളുടെ ഭക്ഷണപ്പുരയും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. നിറയെ കായ്ഫലമുള്ള തെങ്ങുകളുടെ നാശം ഫാമിന് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഫാം ഗോഡൗണിനു സമീപത്തെ കമ്പിവേലി തകര്‍ത്താണ് ആനക്കൂട്ടം എത്തിയത്. ഗോഡൗണിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തി. ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ആനയുടെ മുന്നില്‍പെടാതെ രക്ഷപ്പെട്ടു. കുരങ്ങുശല്യം കാരണം ഫാമിലെ 1, 2 ബ്ലോക്കുകളിലെ തെങ്ങുകള്‍ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്തിരുന്നു. അതിര്‍ത്തിയില്‍ സ്ഥാപിച്ച ആനമതിലും കടന്നാണ് ആനക്കൂട്ടമെത്തിയത്. ആദിവാസി പുനരധിവാസ മേഖലയിലും ഫാം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമായി കറങ്ങി നടക്കുന്ന ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. വനാതിര്‍ത്തിയും കടന്ന് അഞ്ചു കിലോമീറ്ററിനുള്ളിലാണ് ആനക്കൂട്ടം മാസങ്ങളായി കഴിയുന്നത്. രണ്ടു മാസത്തിനിടെ ഫാമിന്റെ അധിനമേഖലയില്‍ നിന്നു 300 ഓളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫാം അധികൃതര്‍ വനംവകുപ്പിനു കത്ത് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തേ ഫാമിലെ തൊഴിലാളികളും വനം വകുപ്പും സംയുക്തമായി ആനകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ആറുമാസമായി ഇത്തരം നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ ആസ്ഥാനം തളിപ്പറമ്പില്‍ നിന്നു ഇരിട്ടിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവരുടെ സേവനവും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല.
Next Story

RELATED STORIES

Share it