kannur local

ആറളം ഫാമില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു



ഇരിട്ടി: ഭാവിയില്‍ കിടത്തിച്ചികില്‍സാ സൗകര്യം ഉള്‍പ്പെടെ ലക്ഷ്യമിട്ട് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട്ടം ഒരുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 60 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം തുടങ്ങിയ കെട്ടിടം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാവും. പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലാണ് പൊതുമരാമത്ത് വകുപ്പ് ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള കെട്ടിടം പണിതത്. വൈദ്യുതീകരണ പ്രവ്യത്തിയും പൂര്‍ത്തിയായി. ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കഴിഞ്ഞ ദിവസം ഉന്നതതല സംഘം കെട്ടിടം പരിശോധിച്ച് എസ്‌ററിമേറ്റ് തയ്യാറാക്കി. വളയംചാലില്‍ പഴയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഫാമിന്റെ അധീനതയിലുള്ള ചെറിയ കെട്ടിടമായതിനാല്‍ ഡോക്ടറുടെ പരിശോധാമുറി പോലും ഇടുങ്ങിയതാണ്. ഒപിയില്‍ ദിനേന നൂറിലധികം പേര്‍ എത്തുന്നുണ്ടെങ്കിലും രോഗികള്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ല. പുനരധിവാസ മേഖലയിലെ വിസ്തൃതിയും ഗതാഗതസൗകര്യങ്ങളുടെ കുറവും കണക്കിലെടുത്ത് മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുനരധിവാസ മേഖലയില്‍1700 ഓളം ആദിവാസി കുടുംബങ്ങള്‍ തമാസിക്കുന്നു. 3500ഓളം കുടുംബങ്ങള്‍ക്കാണ് ഫാമില്‍ ഒരേക്കല്‍ ഭൂമി നല്‍കിയിരിക്കുന്നത്. നിലവില്‍ കിടത്തിച്ചികില്‍സക്കായി ആദിവാസികള്‍ ഇരിട്ടിയിലെയും പേരാവൂരിലെയും താലൂക്ക് ആശുപത്രികളെയാണ് ആശ്രമിക്കുന്നത്. ഇതാവട്ടെ പുനരധിവാസമേഖലയില്‍നിന്ന് കിലോമീറ്ററോളം അകലെയും. മേഖലയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കിടത്തിച്ചികില്‍സ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുന്ന വിധത്തിലാണ് പുതിയ കെട്ടിടം പണിതത്. പ്രഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തു തന്നെ പ്രീമെട്രിക് ഹോസ്റ്റലിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it