kannur local

ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമം തുടങ്ങി

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം അധീനമേഖലയിലും തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടങ്ങി. ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെയും വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെയും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരുടേയും നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്.
ഫാമിന്റെ ഒന്നാം ബ്ലോക്കില്‍ കണ്ട നാല് ആനകളെ നാലാം ബ്ലോക്ക് വഴി വളയംചാലിലൂടെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താനാണു ശ്രമം. 50ഓളം വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പടക്കം പൊട്ടിച്ചും മറ്റുമാണ് തുരത്തുന്നത്. നേരത്തേ ഇത്തരത്തില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഏറെദൂരം തുരത്തിയ ശേഷം ആനക്കൂട്ടം വിരണ്ട് ഓടിയതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഫാമിലും പുനരധിവാസ മേഖലയിലും കശുവണ്ടി പൊറുക്കാനായി കാടുകള്‍ വെട്ടിത്തെളിച്ചിരുന്നു.
അതുകൊണ്ട് തന്നെ വളരെ ദൂരെ നിന്നു ആനകളുടെ സഞ്ചാരം കാണാന്‍ കഴിയുന്നതും തുരത്തലിന് ഗുണം ചെയ്യുന്നുണ്ട്. ഫാമില്‍ രണ്ട് സംഘങ്ങളായി എട്ടോളം ആനകളുണ്ടെന്നാണ് കണക്കാക്കുന്നത്. കശുവണ്ടി സീസണ്‍ ആരംഭിച്ചതോടെ ഫാമില്‍ തന്നെ കറങ്ങി നടക്കുകയാണ്. ആനയുടെ അക്രമം ഭയന്ന് കശുവണ്ടി ശേഖരിക്കാന്‍ പോലും തൊഴിലാളികലെ കിട്ടുന്നില്ല. ആറുമാസമായി ഫാമിനുള്ളില്‍ കഴിയുന്ന ആനക്കൂട്ടം ഇതുവരെ 300ഓളം തെങ്ങുകളാണ് കുത്തിവീഴ്ത്തിയത്. ഇതുമൂലം ഫാമിന് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. ഫാം നഴ്‌സറി വരെ ആനക്കൂട്ടം അക്രമിക്കുന്ന നിലയിലായതോടെയാണ് തുരത്താന്‍ നടപടി ശക്തമാക്കിയത്. ഇതിനായി ഫാം മാനേജ്‌മെന്റ് നിരവധി തവണ വനം വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഇപ്പോഴാണ് അനുകൂല നിലപാടുണ്ടായത്. വന്യജീവി സങ്കേതത്തില്‍ നിന്നു അഞ്ചുകിലോമീറ്റോളം കടന്നാണ് ആനക്കൂട്ടം ഫാമില്‍ താവളമാക്കിയിരിക്കുന്നത്. ജനവാസ മേഖലയും കടന്നാണ് ആനക്കൂട്ടമെത്തിയത്.
അതിനാല്‍ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നത് ജനവാസമില്ലാത്ത മേഖലയിലൂടെയാണ്. കൊട്ടിയൂര്‍ റെയ്ഞ്ചര്‍ ബിനുവിന്റെയും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മധുസൂദനന്റെയും നേതൃത്വത്തില്‍ ആര്‍ആര്‍ടി ഉള്‍പ്പെടെ 40ഓളം വനപാലകരും ആറം ഫാം സെക്യൂരിറ്റി ഓഫിസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 10ഓളം ഫാം ജീവനക്കാരുമാണ് തുരത്തല്‍ നടപടിക്കു നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it