kannur local

ആറളം ഫാമില്‍ ജീവനോപാധി പദ്ധതി നടപ്പാക്കുന്നു

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 70 ലക്ഷത്തിന്റെ ജീവനോപാധി പദ്ധതി നടപ്പാക്കുന്നു. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്(സിആര്‍ഡി)യുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാര്‍ഷികാതിഷ്ഠിതമായ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
പുനരധിവാസ മേഖലയിലെ 1, 12, 13 ബ്ലോക്കുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, കൊക്കോ, മുരിങ്ങ, കുടമ്പുളി, പപ്പായ തുടങ്ങിയ നടീല്‍ വസ്തുക്കള്‍ പദ്ധതി പ്രദേശത്ത് ലഭ്യമാക്കും. ആദിവാസി മൂപ്പന്‍ാമാരും ബ്ലോക്ക് പ്രതിനിധികളും ഉള്‍പ്പെടുന്ന ഗ്രാമ ആസൂത്രണ സമിതി, പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന 28 സ്വയം സഹായ സംഘങ്ങളിലൂടെയാണ് പദ്ധതി പ്രവര്‍ത്തനം നടത്തുക.മുത്താറി, എള്ള്, ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ കൃഷിരീതി പ്രോല്‍സാഹിപ്പിക്കുന്നപ്രവര്‍ത്തനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വനിതകള്‍ക്കായി ഗാര്‍മെന്റ് യൂനിറ്റ്, തെങ്ങ് കയറ്റം, ക്ലീനിങ് സംഘം രൂപീകരണം, ചെറു തേനീച്ച വളര്‍ത്തല്‍, ജൈവവളം നിര്‍മാണം, മഞ്ഞള്‍ പൗഡര്‍ നിര്‍മാണ യൂനിറ്റ് എന്നിവ ഈ വര്‍ഷവും ആട്, കോഴി വളര്‍ത്തല്‍ അടുത്ത വര്‍ഷവും ആരംഭിക്കും. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ജനസേചന പദ്ധതി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തുളള ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താനും പരിശീലന കേന്ദ്രം ആരംഭിക്കാനുമായി ഐടിഡിപി അനുവദിച്ച 15 സെന്റ് സ്ഥലത്ത് ഈ വര്‍ഷം തന്നെ കെട്ടിടം പൂര്‍ത്തീകരിക്കും.രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ആദിവാസി കുടുംബങ്ങള്‍ക്ക് 7000 കിലോ മഞ്ഞള്‍ വിത്ത് നല്‍കുന്നതിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ആറളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ എസ് എസ് നാഗേഷ് പദ്ധതി വിശദീകരിച്ചു. സിആര്‍ഡി ഡയറക്ടര്‍ ഡോ. ശശികുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ പി പി ഗിരീഷ് കുമാര്‍, സിആര്‍ഡി കൃഷി ഓഫിസര്‍ പി രവീന്ദ്രന്‍, എ എന്‍ മാത്യു, ഇ സി ഷാജി, കെ എ ജോസഫ് ഊരുമൂപ്പന്‍മാരായ മോഹനന്‍, കുങ്കന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it