kannur local

ആറളം ഫാം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുന്നു

ഇരിട്ടി: ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന ആറളം ഫാം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റില്‍ നിന്നുള്ള ഉന്നതസംഘം അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങാനുള്ള സാഹചര്യമാണ് പരിശോധിച്ചത്. ഫാം സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിടം പണിയുന്നതിന് നബാര്‍ഡ് പദ്ധതിയില്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിച്ചുണ്ട്. എന്നാല്‍, നിര്‍മാണപ്രവൃത്തി ആരംഭിച്ചിട്ടില്ല. ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയരക്ടര്‍ ജയകുമാര്‍, അസിസ്റ്റന്റ് ഡയരക്ടര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. എട്ടുവര്‍ഷം മുമ്പാണ് ഫാം സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയത്. ഇതിനകം എസ്എസ്എല്‍സി അഞ്ച് ബാച്ച് പഠനം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നൂറുമേനി വിജയം നേടിയിട്ടും ഹയര്‍സെക്കന്‍ഡറി പഠനത്തിന് അവസരം ലഭിക്കാത്തതിനാല്‍ പാതിവഴിക്ക് പഠനം നിര്‍ത്തുകയായിരുന്നു ആദിവാസി കുട്ടികള്‍. എസ്എസ്എല്‍സിക്ക് ശേഷം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫാം സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ആറളം ഗ്രാമപ്പഞ്ചായത്തും സണ്ണി ജോസഫ് എംഎല്‍എയും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കുകയുണ്ടായി. ഇത്തവണ 34 കുട്ടികളാണ് എസ്എസ്എല്‍സി ബാച്ചില്‍. ഇതില്‍ 15 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളുമാണ്.  സ്‌കൂളില്‍ ആകെയുള്ള 486 കുട്ടികളില്‍ എല്ലാവരും ആദിവാസി വിഭാഗക്കാരാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മറ്റും പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധങ്ങളായ പരിപാടികളാണു സംഘടിപ്പിക്കുന്നത്. ആദിവാസി പുനരധിവാസ പ്രവര്‍ത്തന വേളയില്‍ ഫാം സ്‌കൂളിന് ആറേക്കര്‍ സ്ഥലം മാറ്റിവച്ചിരുന്നു. ഇവിടെയാണ് നബാര്‍ഡ് സ്‌കീമില്‍ പുതിയ കെട്ടിടം പണിയുക. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസി പാലമറ്റം, ആദിവാസി പരുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി പി ഗിരീഷ് കുമാര്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it