kannur local

ആറളം ഫാം സമരം ഒത്തുതീര്‍പ്പായി



കണ്ണൂര്‍ : വിവിധ ആവശ്യങ്ങളുന്നയിച്ച് ആറളം ഫാം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ ഡോ. പി പുകഴേന്തി എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം നേരത്തെ സ്ഥിരപ്പെടുത്താന്‍ ബാക്കിയുള്ള 10 തൊഴിലാളികളെ സ്ഥിരപ്പെടുത്താനും നിലവിലെ 34 പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക തൊഴിലാളികളാക്കി മാറ്റാനുമുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. സ്ഥിരപ്പെടുത്തിയതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതു വരെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗീകരിച്ച വേതനം ഇവര്‍ക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈമാസം 30നു മുമ്പ് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും. ആറളം ഫാമിന്റെ വികസനത്തിന് സമഗ്ര റിപോര്‍ട്ട് തയ്യാറാക്കാന്‍ നബാര്‍ഡിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. തൊഴിലാളി സമരത്തെ തുടര്‍ന്ന് ആറളം ഫാം പ്ലാന്റേഷന്‍ മേഖല പൂര്‍ണമായും നിശ്ചലമായിരുന്നു. ഫാമിന്റെ ഭരണനിര്‍വഹണവും താളംതെറ്റിയിട്ടുണ്ട്. ഫാം എംഡിയുടെ വാഹനം തടയുമെന്ന തൊഴിലാളി യൂനിയനുകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി എംഡി ഓഫിസില്‍ എത്തിയിട്ടില്ല. പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷികമേഖലയിലെ തൊഴിലാളികളായി കണക്കാക്കി സേവന-വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ഇതിനകം നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഫാമിലെ 19 ജീവനക്കാര്‍ക്കും 301 സ്ഥിരം തൊഴിലാളികള്‍ക്കും 148 താല്‍ക്കാലിക തൊഴിലാളികള്‍ക്കും മെയ് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തലശ്ശേരി സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ കെ എം അജയകുമാര്‍, ആറളം ഫാം എംഡി ടി കെ വിശ്വനാഥന്‍ നായര്‍, യൂനിയന്‍ നേതാക്കളായ കെ കെ ജനാര്‍ദ്ദനന്‍, എം രാമചന്ദ്രന്‍ പിള്ള, പി ഡി ജോസ്, ഷാജി അലക്‌സാണ്ടര്‍, ആര്‍ ബാലകൃഷ്ണപിള്ള, എ പി ജോസഫ്, കെ വേലായുധന്‍, ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി പി പ്രേമരാജന്‍, ആര്‍ ശ്രീകുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it