kannur local

ആറളം ഫാം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഇരിട്ടി: ആറളം ഫാം വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നവംബര്‍മാസത്തെ ശമ്പളം മുടങ്ങി. സര്‍ക്കാരില്‍നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഡിസംബറിലും ശമ്പളം നല്‍കാന്‍ കഴിയില്ല. ഫാമിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 440 തൊഴിലാളികളില്‍ 261 പേരും ആദിവാസികളാണ്. ആകെയുള്ള 440 പേരില്‍ 24 ജീവനക്കാരും 271 സ്ഥിരം തൊഴിലാളികളും ബാക്കി കരാര്‍ തൊഴിലാളികളും പ്ലാന്റേഷന്‍ തൊഴിലാളികളുമാണ്. ഒരുമാസത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിക്കണമെങ്കില്‍ 80 ലക്ഷത്തോളം രൂപ വേണം. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട്് ഇത്രയും തുക കണ്ടെത്തുക അസാധ്യം. മൂന്നുമാസം മുമ്പ് ശമ്പളവുംആനുകൂല്യങ്ങളും രണ്ടുമാസത്തോളം കുടിശ്ശികയായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുകയുണ്ടായി. തുടര്‍ന്ന് 2.50 കോടി രൂപ സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയിരുന്നു. 5.69 കോടിയായിരുന്നു ഫാം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഫാമില്‍നിന്ന് ഇപ്പോള്‍ കാര്യമായ വരുമാനം പ്രതീക്ഷിക്കുന്നത് റബറില്‍ നിന്നാണ്. റബറിന്റെ ഉല്‍പാദന സീസണ്‍ ആരംഭിച്ചെങ്കിലും വിളവിലും വിലയിലുമുണ്ടായ തകര്‍ച്ച പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഫാമില്‍ നിന്ന് റബര്‍പാല്‍ ലാറ്റക്‌സായി നല്‍കുകയാണു പതിവ്. റബറിന്റെ വിലത്തകര്‍ച്ച കാരണം ലാറ്റക്‌സിന് ഡിമാന്റ് ഇടിഞ്ഞതും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായി. നാളീകേരത്തിന് മികച്ച വിലയുണ്ടെങ്കിലും വാനരശല്യം കാരണമുണ്ടായ ഉല്‍പാദന തകര്‍ച്ച മൂലം തേങ്ങയില്‍ നിന്നുള്ള വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബര്‍, ജനുവരി, ഫ്രിബ്രുവരി മാസങ്ങളില്‍ കൃഷിയില്‍നിന്ന് കാര്യമായ വരുമാനം ലഭിക്കാറില്ല. മുന്‍കാലങ്ങളില്‍ തേങ്ങയില്‍നിന്നും റബറില്‍നിന്നും ലഭിക്കുന്ന വരുമാനവും നടീല്‍ വസ്തുക്കളുടെ വില്‍പനയിലൂടെ സമാഹരിക്കുന്ന പണവുമായിരുന്നു പ്രതിസന്ധി പരിഹരിച്ചിരുന്നത്.
Next Story

RELATED STORIES

Share it