kannur local

ആറളംഫാമില്‍ കാട്ടാന വിളയാട്ടം

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ആദിവാസിയുടെ വീട് തകര്‍ത്തു. ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് വികലാംഗനായ ആദിവാസി രാജുവിന് പരിക്കേറ്റു.
സംഭവമറിഞ്ഞിട്ടും സ്ഥലത്തെത്താത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് സത്രീകള്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ വനംവകുപ്പിന്റെ വാഹനം മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഫാം 9ാം ബ്ലോക്കിലെ വളയംചാലിലാണ് കാട്ടാനക്കൂട്ടം സംഹാരതാണ്ഡവമാടിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
പോളിത്തീന്‍ ഷീറ്റ് കൊണ്ട് മേല്‍ക്കൂര പുതച്ച വീടിനുള്ളില്‍ രാജു തനിച്ചാണ് താമസം പുലര്‍ച്ചെ മൂന്നോടെ ഷീറ്റ് വലിക്കുന്ന ശബ്ദം കേട്ടാണ് രാജു ഉണര്‍ന്നത്ത്. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മുറ്റത്ത് രണ്ട് ആനകള്‍ നില്‍ക്കുന്നത് കണ്ട് പണിതീരാത്ത വീടിന്റെ പിറക് വശത്തേക്ക് ഓടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. രാജു തന്നെ വളയംചാലിലെ വനം വകുപ്പിന്റെ ഓഫിസില്‍ വിവരം അറിയിച്ചു.
പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആദിവാസികളുടെ പരാതി. 10ഓടെ വനം വകുപ്പിന്റെ ജീപ്പ് സ്ഥലത്തെത്തിയതോടെയാണ് ആദിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വനം വകുപ്പിന്റെ ജീപ്പില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞിട്ടു. ശക്തമായ നടപടി സ്വീകരിക്കാമെന്ന അതികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ വാഹനത്തില്‍ രാജുവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. രാജുവിന്റെ വീടിന് സമീപത്തെ ബാലന്റെ വീട്ടുമുറ്റത്തുള്ള വാഴ, ചേമ്പ്, ചേന എന്നിവയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം മുഴക്കുന്ന് ജനവാസ കേന്ദ്രത്തിലെത്തിയ ആനക്കൂട്ടത്തെ ആറളം ഫാം അധീനമേഖലയിലേക്കാണ് കയറ്റിവിട്ടത്. ഇവയാണ് മേഖലയില്‍ നാശം വരുത്തിയതെന്നാണ് ആദിവാസികളുടെ പരാതി.
Next Story

RELATED STORIES

Share it