Pathanamthitta local

ആറന്‍മുള കരിമാരംതോട്ടിലെ മണ്ണ് നീക്കം 15ന് പുനരാരംഭിക്കും

പത്തനംതിട്ട: ആറന്‍മുളയില്‍ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്ക് വേണ്ടി നികത്തിയ കരിമാരംതോട് പുനസ്ഥാപിക്കുന്നത് 15ന് പുനരാരംഭിക്കും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തോട്ടിലെ മണ്ണ് നീക്കാന്‍ തുടങ്ങിയത്. പ്രദേശത്ത് ആദ്യം സ്ഥലം വാങ്ങിയ വ്യവസായിയായ ഏബ്രഹാം കലമണ്ണിലാണ് മണ്ണിട്ട് തോട് മൂടിയത്. അദ്ദേഹം തന്നെയാണ് മണ്ണ് നീക്കേണ്ടതും. 20 സെന്റിലെ മണ്ണ് നീക്കിയപ്പോള്‍ പ്രവൃത്തി നിലച്ചു. മണ്ണ് നിക്ഷേപിക്കാന്‍ ഇടം ഇല്ലന്ന് പറഞ്ഞായിരുന്നു ഇത്.
ഇതിനെതിരേ ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ ഹരജിക്കാരനായ ആറന്‍മുള സ്വദേശി മോഹനന്‍ ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഏബ്രഹാം കലമണ്ണില്‍ തന്നെ മണ്ണ് നിക്ഷേപിക്കാന്‍ സ്ഥലം നല്‍കാമെന്ന് കലക്ടറെ അറിയിച്ചു. മണ്ണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് റോയല്‍റ്റി അടച്ച് തന്നെ വിട്ട് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ 5000 ഘനമീറ്റര്‍ മണ്ണ് വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇതടക്കം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് റോയല്‍റ്റി ഇല്ലാതെ തന്നെ മണ്ണ് കൊണ്ടുപോവാമെന്ന് കലക്ടര്‍ പറഞ്ഞു. മണ്ണ് നീക്കത്തിന്റെ കാര്യങ്ങള്‍ ഇന്ന് ജിയോളജി വകുപ്പ് പരിശോധിക്കും.പദ്ധതി പ്രദേശത്തു നിന്നുള്ള വഴിയില്‍ കെജിഎസ് ഗ്രൂപ്പ് അവകാശ വാദം ഉന്നയിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
പക്ഷേ അവിടേക്ക് പൊതു വഴിയും ഉണ്ട്. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഏത് വഴിയും ഉപയോഗിക്കാന്‍ കലക്ടറുടെ അധികാരം വിനിയോഗിക്കും. തടസ്സവാദം നിലനില്‍ക്കില്ല. ഇതേ വരെ 2058 ലോഡ് മണ്ണാണ് നീക്കിയത്. മൊത്തം 6.32 ഏക്കറിലെ മണ്ണാണ് മാറേണ്ടത്.
Next Story

RELATED STORIES

Share it