Pathanamthitta local

ആറന്‍മുള അരി നാളെ മുതല്‍ വിപണിയില്‍



പത്തനംതിട്ട: ആറന്‍മുള വള്ളംകളിയും തിരുവോണത്തോണിയും കണ്ണാടിയും പോലെ ഇനി ആറന്‍മുള അരിയും ജനമനസ്സുകളില്‍ ഇടം പിടിക്കുന്നു. നാളെ മുതല്‍ ആറന്‍മുള അരി വിപണിയിലെത്തും. ആറന്മുള അരി വിതരണം ചെയ്യുന്ന അരിക്കടയുടെ ഉദ്ഘാടനം 12ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ആറന്മുള അരിയുടെ പാക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. വൈക്കം വെച്ചൂരിലെ മില്ലിലാണ് ഇത് തയ്യാറാവുന്നത്. അഞ്ച്, പത്ത് കിലോഗ്രാം കവറുകളില്‍ കിട്ടും. ആറന്മുളയിലെ ഏറ്റവും വലിയ പാടശേഖരമായ നീര്‍വിളാകം പാടത്തെ 68 ഏക്കറിലാണ് അവസാനം കൊയ്ത്ത് നടന്നത്. വിത നടത്താനേ കഴിയില്ലെന്ന് കരുതിയിരുന്നിടത്തുനിന്നാണ് ആറന്മുള പാടത്തെ ഏറ്റവും വലിയ കൃഷിയിലേക്ക് നീര്‍വിളാകം മാറിയത്. കൃഷിക്കാരുടെ മൂന്ന് മാസത്തെ കഠിനാധ്വാനമായിരുന്നു ഇതിന് പിന്നില്‍. ഒപ്പം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ഓഫിസര്‍ ജെ സജീവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. നീര്‍ച്ചാലുകള്‍വീണ്ടെടുത്തും വെള്ളത്തിന്റെ പ്രവാഹം കൃത്യമാക്കിയുമാണ് അസാധ്യമെന്ന് കരുതിയ കൃഷിയുടെ വീണ്ടെടുപ്പ് നടത്തിയത്. ആറന്മുള പാടത്ത് മൊത്തം 500 ടണ്‍നെല്ലാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 1.18 കോടി രൂപയുടെ നെല്ല് കിട്ടുമെന്നുള്ള വിശ്വാസവുമുണ്ട്. കിലോഗ്രാമിന് 22.50 രൂപയാണ് കൃഷിക്കാര്‍ക്ക് നല്‍കുമെന്ന് കരുതുന്നത്. നീര്‍വിളാകത്ത് ശേഷിക്കുന്ന 23 ഏക്കറിലും കൊയ്ത്തിന് മുന്നൊരുക്കങ്ങളായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 29 നാണ് ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജിന് എതിര്‍വശത്തുള്ള പുഞ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെല്‍വിത്തെറിഞ്ഞ് നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്.  അറന്മുള പുഞ്ചയിലെ തെച്ചിക്കാവ്, കറ്റാറ്റ് വയല്‍, കാഞ്ഞിരവേലി, പുന്നയ്ക്കാട്, നീര്‍വിളാകം, ചൂരക്കുന്ന് നടുവാടി ഏലാ എന്നീ പാടശേഖരങ്ങളിലാണ് നിലമൊരുക്കി നെല്‍കൃഷി ആരംഭിച്ചത്.  ആദ്യഘട്ടത്തില്‍ 56 ഹെക്ടര്‍ സ്ഥലത്താണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നതിന് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് 90 സ്ഥലത്ത് കൃഷിയിറക്കി. 1.5 കോടി രൂപയാണ് ആറന്മുള കൃഷി പുനരുജ്ജീവന പദ്ധതിക്കായി ആദ്യംഘട്ടത്തില്‍ അനുവദിച്ചത്. ഉമ നെല്‍വിത്താണ് ഉപയോഗിച്ചത്.  കൊയ്‌തെടുത്ത നെല്ലിന്റെ പണം കൃഷിക്കാര്‍ക്ക് നല്‍കുന്നതും 12നാകും. ഒപ്പം ആറന്മുളയില്‍ പാടശേഖരസമിതികളുടെ അരിക്കടയും തുറക്കും.
Next Story

RELATED STORIES

Share it