Alappuzha local

ആറന്മുളയില്‍ വള്ളസദ്യ വഴിപാടുകാരും പള്ളിയോട കരക്കാരുംതമ്മില്‍ സംഘര്‍ഷം: എട്ടു പേര്‍ക്കെതിരേ കേസെടുത്തു



കോഴഞ്ചേരി: വഴിപാട് വള്ളസദ്യകള്‍ ഇന്ന് സമാപിക്കാനിരിക്കെ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാടുകാരും കരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ക്കും പരുക്കേറ്റതായി പറയുന്നു. ഇന്നലെ നടന്ന വഴിപാടിലായിരുന്നു സംഭവം. മരുത്തൂര്‍വട്ടം കൃഷ്ണകൃപയില്‍ സുധി രാജേഷാണ് നെടുമ്പ്രയാര്‍ പള്ളിയോടത്തിന് വഴിപാട് വള്ളസദ്യ നടത്തിയത്. പള്ളിയോട സേവാസംഘം വഴി വഴിപാട് ബുക്ക് ചെയ്തിരുന്നത്. വള്ളസദ്യ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മുതല്‍ വഴിപാടുകാരും കരക്കാരും തമ്മില്‍ നടന്ന വാഗ്വാദം പിന്നീട് പരസ്പര അക്രമത്തിലേക്ക് തിരിയുകയായിരുന്നു. നെടുംപ്രയാര്‍ കരയാണ് വള്ളസദ്യ സ്വീകരിക്കാനെത്തിയത്. സദ്യയില്‍ ആള് കൂടിയത് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. തര്‍ക്കത്തിനിടയില്‍ ക്യാപ്റ്റന് മര്‍ദനമേറ്റതായി കരക്കാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളെ മര്‍ദിച്ചത് ന്യായീകരിക്കാനായി വഴിപാട് നടത്താനെത്തിയവര്‍ മര്‍ദിച്ചെന്ന കള്ളക്കഥ ചമച്ചതാണന്ന്് വഴിപാടുകാ ര്‍ പറഞ്ഞു. ക്ഷേത്രത്തിന് പുറത്തു വച്ചും ഇവര്‍ എത്തിയ ബസിനുള്ളിലും കരക്കാര്‍ അക്രമം നടത്തിയതായി വഴിപാടുകാര്‍ ആരോപിച്ചു. സംഭവത്തിന് ശേഷം വഴിപാടുകാര്‍ക്കൊപ്പമെത്തിയ ചേര്‍ത്തല മരുതൂര്‍വട്ടം നവമിയില്‍ അജിത് കുമാര്‍ കരക്കാര്‍ മര്‍ദിച്ചെന്ന്്് കാട്ടി ആറന്‍മുള പോലിസില്‍ പരാതി നല്‍കി. കരക്കാരെ വഴിപാടുകാര്‍ക്കൊപ്പമെത്തിയവര്‍ അക്രമിച്ചന്ന് കാട്ടി പള്ളിയോട ക്യാപ്റ്റന്‍ സജീവ് എസ് കുറുപ്പും ആറന്‍മുള പോലിസില്‍ പരാതി നല്‍കി. ഇരു കൂട്ടര്‍ക്കെതിരേയും കേസ് എടുത്തതായി ആറന്‍മുള പോലിസ് പറഞ്ഞു. അക്രമം നടക്കുന്നത് കണ്ട് ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ ഓടി എത്തിയപ്പോഴേക്കും അക്രമം നടത്തിയവര്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറിയെന്നും അവരെ പിന്തുടര്‍ന്ന പോലിസിനെ ജനപ്രതിനിധിയടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് കയറുന്നത് തടയുകയായിരുന്നുവെന്നും കോഴഞ്ചേരി സിഐ ബി അനില്‍ പറഞ്ഞു. കണ്ടാലറിയുവുന്ന എട്ട് പേര്‍ക്കെതിരേ കേസെടുത്തു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഞായറാഴ്ച നടന്ന സംഭവമെന്ന് സേവാസംഘം സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിപാടുകാര്‍ക്കൊപ്പമെത്തിയവരുടെ അനാവശ്യ പ്രകോപനവും ക്യാപ്റ്റനെ അക്രമിച്ചതുമാണ് അനിഷ്ട സംഭവത്തിന് കാരണമായതെന്ന് പളളിയോട പ്രതിനിധി അനിരാജ് ഐക്കര പറഞ്ഞു. ഉത്രട്ടാതി ജലമേളയിലെ ഒന്നാം പാദ മല്‍സരത്തില്‍ ഒപ്പം തുഴഞ്ഞ കോഴഞ്ചേരി പള്ളിയോടത്തിനെ ചൂണ്ടുകയും കേ ാഴഞ്ചേരി പള്ളിയോടത്തിലെ കരക്കാരെ ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ റെയ്‌സ് കമ്മിറ്റി റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്ന അവസ്ഥയില്‍ ഇന്നലത്തെ സംഭവങ്ങളും നെടുംപ്രയാറിന് തിരിച്ചടിയാവുമെന്ന്് അഭിപ്രായമുയരുന്നു. സമാപന ദിവസമായ ഇന്ന് മുണ്ടന്‍കാവ്, മുതവഴി, തെക്കേമുറി, മല്ലപ്പുുഴശ്ശേരി എന്നീ നാല് പള്ളിയോടങ്ങള്‍ക്ക് വള്ളസദ്യ വഴിപാട് നടക്കും.
Next Story

RELATED STORIES

Share it