Pathanamthitta local

ആറന്മുളയിലെ 300 ഹെക്ടര്‍ നിലം കതിരണിയും

കോഴഞ്ചേരി: ആറന്മുള പ്രദേശത്ത് നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയിന്‍ കീഴില്‍ ഈ വര്‍ഷം 300 ഹെക്ടര്‍ നിലം കതിരണിയിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. മുന്‍വര്‍ഷം 101 ഹെക്ടര്‍ നിലത്തിലാണ് കൃഷിയിറക്കിയത്. ഇവിടെ നിന്നും ലഭിച്ച നെല്ല് ആറന്മുള ബ്രാന്‍ഡ് അരിയാക്കി വിപണനം ചെയ്തിരുന്നു. ആറന്മുള കൃഷിഭവന്റെ പരിധിയില്‍പ്പെടുന്ന ആറന്മുള പുഞ്ച, നീര്‍വിളാകം, കറ്റാറ്റ് ആറാട്ടുപുഴ, മാലക്കര, തുരുത്തിവേലി, കുറിച്ചിമുട്ടം, അടിച്ചില്‍ എന്നീ പാടശേഖരങ്ങളിലും    മല്ലപ്പുഴശേരി, കോഴഞ്ചേരി കൃഷിഭവനുകളുടെ പരിധിയില്‍പ്പെടുന്ന പുന്നയ്ക്കാട്, തെച്ചിക്കാവ്, പന്നിവേലിച്ചിറ, പേത്തോലി, ഇടമുറി, നിലമേല്‍ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷിയിറക്കുന്നത്. മല്ലപ്പുഴശേരി, ആറന്മുള കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലെ വിത ഉദ്ഘാടനം വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചിരുന്നു. ആറന്മുള പഞ്ചായത്തില്‍ 247 ഹെക്ടര്‍ നിലത്തില്‍ കൃഷിയിറക്കുന്നതിനാവശ്യമായ വിത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തിയാണ് വിതരണം ചെയ്തത്. ഇതില്‍ 120 ഹെക്ടര്‍ നിലത്തില്‍ വിത്തിടല്‍   പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 77 ഹെക്ടറില്‍ നിലമൊരുക്കല്‍ പൂര്‍ത്തിയായി വരുന്നു. നെല്‍കൃഷി പുനരുജ്ജീവന പദ്ധതി പ്രകാരം തരിശുനിലം ഒന്നാം വര്‍ഷം കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30000 രൂപയും രണ്ടാം വര്‍ഷം കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 7000 രൂപയുമാണ് സബ്‌സിഡി നല്‍കുന്നത്.
Next Story

RELATED STORIES

Share it