Pathanamthitta local

ആറന്മുളയിലെ പരാജയം; മൂന്നു ഡിസിസി ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍നായരുടെ പരാജയവുമായി ബന്ധപ്പെട്ട കെപിസിസി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ എം സി ഷെരീഫ്, അഡ്വ. ഷാം കുരുവിള എന്നിവര്‍ക്ക് കെപിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ തികച്ചും നിഷേധാത്മകവും നിരുത്തരവാദപരവുമായ പ്രവര്‍ത്തനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് അച്ചടക്കനടപടിയുടെ ഭാഗമായാണ് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു അറിയിച്ചു.
തിരഞ്ഞെടുപ്പു ഫലം വന്നതിനു തൊട്ടുപിന്നാലെ തന്നെ, തോല്‍വിക്ക് കാരണം പാര്‍ട്ടിക്കുള്ളിലെ ചിലരാണെന്ന് കെ ശിവദാസന്‍നായര്‍ ആരോപിച്ചിരുന്നു. ഇതിനെ പ്രതിരോധിച്ച് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് തന്നെ രംഗത്ത് വന്നതോടെയാണ് പത്തനംതിട്ട ഡിസിസിയില്‍ കലഹം മൂര്‍ച്ഛിച്ചത്. ഇതിനിടെ തിരഞ്ഞെടുപ്പില്‍ തനിക്കെതിരേ പരാജയപ്പെട്ടവരുടെ പേരില്‍ ശിവദാസന്‍നായര്‍ കെപിസിസിക്ക് പരാതി നല്‍കി. പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍തോമസ, ജനറല്‍ സെക്രട്ടറി ഷാംകുരുവിള, നഗരസഭാ കൗണ്‍സിലര്‍ റജീന ഷരീഫ് എന്നിവര്‍ ശിവദാസന്‍നായര്‍ക്കെതിരേ പരസ്യപ്രസ്താവന ഇറക്കിയിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ ആറന്മുള സീറ്റിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ശിവദാസന്‍നായര്‍ വിഭാഗം നീക്കം ശക്തമാക്കിയിരിക്കുന്നത്.
ഡിസിസി അഴിച്ചുപണിയണമെന്നതടക്കമുള്ള ആവശ്യം ശിവദാസന്‍നായര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച പി മോഹന്‍രാജ് തിരഞ്ഞെടുപ്പു രംഗത്ത് സജീവമായില്ലെന്നുള്ള ആക്ഷേപമാണ് ശിവദാസന്‍നായര്‍ ഉന്നയിക്കുന്നത്.
ഇതിനു പുറമേ, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ഏകപക്ഷീയമായി ബ്ലോക്ക് ഭാരവാഹികളെ മാറ്റി പ്രചാരണരംഗത്തുള്ളവരെ നിര്‍ജീവമാക്കുകയും ചെയ്തതായി ശിവദാസന്‍നായര്‍ ആരോപിക്കുന്നു.
എന്നാല്‍ തോല്‍വിയുടെ പേരില്‍ ഡിസിസിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ചിലരുടെ അമിത വിശ്വാസമാണ് പരാജയത്തിലേക്ക് നയിച്ചതെന്നുമാണ് പി മോഹന്‍രാജ് പറയുന്നത്. ആറന്മുളയിലെ സ്വന്തം ബൂത്തിലടക്കം ശിവദാസന്‍നായര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിനു തെളിവായി എതിര്‍ചേരി ചൂണ്ടിക്കാട്ടുന്നു. ഡിസിസി ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ വരുദിനങ്ങളില്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ ചേരിപ്പോര് ശക്തമാവുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it