ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ വിലക്ക്; മുഖ്യമന്ത്രിയുടെ അയോഗ്യത വ്യക്തമാക്കണം: പിണറായി

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിനായി കേരളത്തിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചടങ്ങിന് തന്നെ ക്ഷണിച്ച മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന് തീരുമാനിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്കാകെ ആഗ്രഹമുണ്ടെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തില്‍ എത്തുന്ന മോദി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്ന് തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? മുഖ്യമന്ത്രിയെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന പ്രധാനമന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നതെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ചാണ്ടി കേരളത്തെ അപമാനിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
അതേസമയം, മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു. പ്രോട്ടോകോള്‍ അനുസരിച്ചുള്ള ആദ്യ പരിപാടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്. അവിടെവച്ച് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പിണക്കമില്ല. ഉമ്മന്‍ചാണ്ടിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് സംഘാടകരാണ്. ഇത്തരമൊരു കാര്യത്തിനായി ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it