ആര്‍ ശങ്കര്‍ പ്രതിമ വിവാദം കൊഴുക്കുന്നു; ജനപ്രതിനിധികള്‍ പിന്‍വാങ്ങി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയ സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട മുഴുവന്‍ ജനപ്രതിനിധികളും പിന്‍വാങ്ങി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, പി കെ ഗുരുദാസന്‍ എംഎല്‍എ, കോര്‍പറേഷന്‍ മേയര്‍ വി രാജേന്ദ്ര ബാബു എന്നിവരാണ് പിന്‍വാങ്ങിയത്.
ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. തന്റെ അറിവില്ലാതെയാണ് നോട്ടീസില്‍ പേരു വച്ചതെന്നും പരിപാടിയില്‍ പങ്കെടുക്കില്ലെന്നും കൊല്ലം മേയര്‍ വി രാജേന്ദ്ര ബാബു അറിയിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും പറഞ്ഞു.
എന്നാല്‍, പ്രതിമ സ്ഥാപിക്കുന്ന എസ്എന്‍ കോളജ് കാംപസ് സ്ഥിതി ചെയ്യുന്ന ഇരവിപുരം മണ്ഡലത്തിലെ എംഎല്‍എ എ എ അസീസിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല. നേരത്തെ പ്രതിമാ നിര്‍മാണ സമിതി ചെയര്‍മാന്‍ ഫോണില്‍ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിച്ചെങ്കിലും നോട്ടീസ് ഇറങ്ങിയ ശേഷമാണ് തന്റെ പേരില്ലെന്ന കാര്യം അറിയുന്നതെന്നും എ എ അസീസ് എംഎല്‍എ പ്രതികരിച്ചു. പ്രോട്ടാകോള്‍ പ്രകാരം ചടങ്ങില്‍ തന്നെ പങ്കെടുപ്പിക്കേണ്ടതാണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസ് പറഞ്ഞു.
മുഖ്യമന്ത്രിയും ജനപ്രതിനിധികളും പിന്‍വാങ്ങിയ സാഹചര്യത്തില്‍ നാളെ ഉച്ചയ്ക്ക് 2.45ന് കൊല്ലം എസ്എന്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കു പുറമേ ബിജെപി സംസ്ഥാന അധ്യക്ഷനും വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴ് എസ്എന്‍ഡിപി നേതാക്കളും മാത്രമേ വേദിയില്‍ ഉണ്ടാകൂ. ആദ്യം ഇറക്കിയ നോട്ടീസ് പ്രകാരം 45 മിനിറ്റുള്ള പരിപാടിയില്‍ 15 മിനിറ്റ് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍, മുഖ്യമന്ത്രിയെ ഒഴിവാക്കിയ പുതിയ ഷെഡ്യൂള്‍ പ്രകാരം മോദി 35 മിനിറ്റ് പ്രസംഗിക്കും. വെള്ളാപ്പള്ളി നടേശനായിരിക്കും അധ്യക്ഷന്‍. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നേരത്തെത്തന്നെ തീരുമാനിച്ചതായുള്ള സൂചനകള്‍ പുറത്തുവന്നു. വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ആര്‍ ശങ്കറിന്റെ പ്രതിമയ്ക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകം മാറ്റി പുതിയത് സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ രഹസ്യമായാണ് പഴയ ശിലാഫലകം മാറ്റിയത്. മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയ പുതിയ ഫലകത്തിന് രണ്ടു ദിവസം മുമ്പുതന്നെ കൊല്ലത്തെ തുഷാര ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന് എസ്എന്‍ഡിപി നേതാക്കള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ പേരിന്റെ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്റെ പേരാണ് പുതിയ ഫലകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, പ്രതിമ സ്ഥാപിക്കാനായി ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ഭാരവാഹികള്‍ ശനിയാഴ്ച രാവിലെ മാത്രമാണ് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ വാര്‍ത്ത അറിഞ്ഞത്. വെള്ളിയാഴ്ച ഈ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ തീരുമാനിച്ച കാര്യം വെള്ളാപ്പള്ളി റിപോര്‍ട്ട് ചെയ്തിരുന്നില്ല.
അതേസമയം, പരിപാടി നടക്കുന്ന എസ്എന്‍ കോളജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
Next Story

RELATED STORIES

Share it