Flash News

ആര്‍ ബാലകൃഷ്ണപ്പിള്ള മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍



തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് പദവിയോടെയാണ് നിയമനം.  സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിങ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്ലിന്റെ കരടിനും യോഗം അംഗീകാരം നല്‍കി.  കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനാണ് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാനും കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാനും കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ തസ്തികയും സൃഷ്ടിക്കും. ഇപ്പോള്‍ അവധിയിലുള്ള ഇ രതീശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാനും അവധിയിലുള്ള വയനാട് കലക്ടര്‍ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു. വയനാട് കലക്ടറുടെ ചുമതല തല്‍ക്കാലം എഡിഎമ്മിനായിരിക്കും. നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68-കൊല്ലം), കാര്‍ത്തികേയന്‍ (75-ആലപ്പുഴ), പി പി പരീത് (തിരൂര്‍, മലപ്പുറം), കെ കെ ഉണ്ണി (48- കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.
Next Story

RELATED STORIES

Share it