kozhikode local

ആര്‍ കെ ശേഖര്‍ അപൂര്‍വ സിദ്ധിയുണ്ടായിരുന്ന കലാകാരന്‍: സമദാനി



കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത ഗായകന്‍ എ ആര്‍ റഹ്മാന്റെ പിതാവുമായിരുന്ന  ആര്‍ കെ ശേഖര്‍ അപൂര്‍വ്വ സിദ്ധിയുള്ള കലാകാരനായിരുന്നുവെന്ന് എം പി അബ്ദുസമദ് സമദാനി. ടൗണ്‍ഹാളില്‍ നടന്ന ആര്‍ കെ ശേഖര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീത രംഗത്തെ അത്യപൂര്‍വ്വ പ്രതിഭയായിരുന്നിട്ടും ശേഖറിന്റെ സംഭാവനകള്‍ അര്‍ഹിക്കുന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 23 ഓളം സിനിമകളുടെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. സിനിമകള്‍ മിക്കതും പൊട്ടിയെങ്കിലും ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, സലിം ചൗധരി തുടങ്ങിയ പ്രശസ്ത സംഗീത പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. പല പ്രമുഖ സംഗീത സംവിധായകരുടെയും മികച്ച പാട്ടുകളുടെ ഈണവും വാദ്യ വിന്യാസവും ശേഖറിന്റെതായിരുന്നു. മലയാളക്കരയിലേക്ക് ആദ്യമായി കീബോര്‍ഡ് കൊണ്ടുവന്നത് ശേഖറാണ്. അദ്ദേഹം സിങ്കപ്പൂരില്‍ നിന്ന് കൊണ്ടു വന്ന കീബോര്‍ഡ് കണ്ട് മഹാനായ സംഗീതജ്ഞനായിരുന്ന ദേവരാജന്‍ മാസ്റ്റര്‍ ചോദിച്ചത് ഈ ഉപകരണം കൊണ്ട് സംഗീതമുണ്ടാക്കിയാല്‍ പരമ്പരാഗത വാദ്യോപകരണ സംഗീതം കേട്ട് തഴമ്പിച്ച മലയാളികള്‍ അത് ഇഷ്ടപ്പെടുമോയെന്നാണ്. ഇതിന് ചിരിച്ച് കൊണ്ട് അതേ എന്ന് ഉത്തരം പറഞ്ഞ ശേഖറിന്റെ ദീര്‍ഘദര്‍ശിത്വത്തിന് കാലം സാക്ഷി.  ജീവിച്ചിരിക്കെ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ ശേഖറിന് പ്രകൃതിയുടെ കാവ്യനീതിപോലെ ലോകോത്തര സംഗീതജ്ഞനായ ഏ ആര്‍ റഹ്മാനെന്ന മകനെ ലഭിച്ചു.  അനുസ്മരണത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി എ അസീസിന്റെ കഥാസമാഹാരം ‘പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി’ സമദാനി എം എസ് സജിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹക്കീം, വില്‍സണ്‍ സാമുവല്‍, സലാം വെള്ളയില്‍, നന്ദകുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it