ആര്‍ കെ നഗറിലെ വിജയം വിലയ്ക്ക് വാങ്ങിയത്: കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടി ടി എന്‍ ദിനകരന്‍ നേടിയ വിജയം വോട്ടര്‍മാര്‍ക്ക് പണംനല്‍കി വാങ്ങിയതാണെന്ന് നടന്‍ കമല്‍ ഹാസന്‍.
തമിഴ് മാഗസിനായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും കളങ്കമാണ്. വിലകൊടുത്തു വാങ്ങിയ ഈ വിജയത്തെ താന്‍ കുംഭകോണം എന്ന് പോലും വിളിക്കില്ല. ഇതു പട്ടാപ്പകല്‍ നടന്ന കുറ്റകൃത്യമാണ്. സ്വതന്ത്രനും അണ്ണാ ഡിഎംകെയും 'വോട്ടര്‍മാര്‍ക്ക് വിലയുറപ്പിച്ചു- അദ്ദേഹം പറഞ്ഞു.
കമല്‍ ഹാസന്‍ തന്റെ ലേഖനത്തില്‍ ദിനകരന്റെ പേരെടുത്തു പറയുന്നില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആര്‍ കെ നഗറില്‍ നടത്താന്‍ നിശ്ചയിച്ച വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്നു ദിനകരന്‍.
പിന്നീട് അണ്ണാ ഡിഎംകെയില്‍ ഒതുക്കപ്പെട്ട ദിനകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് ഡിസംബര്‍ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനനെ 40,000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ദിനകരന്‍ ആര്‍ കെ നഗറില്‍ ജയിച്ചത്.
വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണം അണ്ണാ ഡിഎംകെയും ദിനകരനും നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകവഴി ആര്‍ കെ നഗറിലെ വോട്ടര്‍മാരെ കമല്‍ ഹാസന്‍ അപമാനിച്ചുവെന്ന് ദിനകരന്‍ ആരോപിച്ചു. കമല്‍ ഹാസന്റെ ആരോപണം അപലപനീയമാണ്.
തിരഞ്ഞെടുപ്പ് ഫലത്തില്‍ പണം പങ്കു വഹിച്ചിരുന്നുവെങ്കില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ജയിക്കുമായിരുന്നു. കമല്‍ ഹാസന്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് യാഥാര്‍ഥ്യത്തെ നേരിടണമായിരുന്നു. രാഷ്ട്രീയം സിനിമാ തിരക്കഥയല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it