ആര്‍.എസ്.പിയെ പിളര്‍ത്താന്‍ സി.പി.എം. ഒരുങ്ങുന്നു

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയെ പിളര്‍ത്താന്‍ സി.പി.എം. ഒരുങ്ങുന്നു. സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രമുഖനായ നേതാവ് ദൂതുമായി ആര്‍.എസ്.പി. നേതാക്കളെ സമീപിച്ചു കഴിഞ്ഞു. ആര്‍.എസ്.പിയുടെ കണ്ണൂര്‍ ജില്ലയിലെ പ്രമുഖനായ നേതാവിനെ മുന്‍നിര്‍ത്തിയാണ് സി.പി.എം. നേതൃത്വം കരുക്കള്‍ നീക്കുന്നത്.

ഒന്നിച്ചുനില്‍ക്കാമെന്ന ആര്‍.എസ്.പി. നേതൃത്വത്തിന്റെ സമ്മതം കിട്ടിയാല്‍ കഴിഞ്ഞ തവണ മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളും ഉപാധികളൊന്നുമില്ലാതെ വിട്ടുനല്‍കാമെന്നാണു സി.പി.എം. നിലപാട്. കഴിഞ്ഞ തവണ ഇടതുമുന്നണിയോടൊപ്പം മല്‍സരിച്ച മുഴുവന്‍ സീറ്റുകളും സംസ്ഥാനതലത്തില്‍ ലഭിക്കണമെന്നു ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റ് യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സീറ്റുകള്‍ മുഴുവന്‍ വിട്ടുനല്‍കാനാവില്ലെന്നാണ് യു.ഡി.എഫ്. നിലപാട്. സംസ്ഥാനത്ത് കഴിഞ്ഞ തവണ ആര്‍.എസ്.പി. 80 വാര്‍ഡുകളിലേക്കാണു മല്‍സരിച്ചിരുന്നത്. എല്‍.ഡി.എഫില്‍ നിന്ന് പുറത്തുപോയെങ്കിലും തിരുവനന്തപുരം കോര്‍പറേഷനില്‍ പിന്തുണ ആര്‍.എസ്.പി. പിന്‍വലിച്ചിരുന്നില്ല. രണ്ട് ആര്‍.എസ്.പി. കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയായിരുന്നു ഭരണം പൂര്‍ത്തിയാക്കാന്‍ എല്‍.ഡി.എഫിനു സാധിച്ചത്. കഴിഞ്ഞ തവണ ആര്‍.എസ്.പി. മല്‍സരിച്ചിരുന്ന ഭൂരിപക്ഷം സീറ്റുകളിലും എതിരാളികളായിരുന്നത് കോണ്‍ഗ്രസ്സായിരുന്നു. 10ല്‍ താഴെയിടങ്ങളില്‍ മാത്രമാണ് ആര്‍.എസ്.പി. യു.ഡി.എഫിലെ മറ്റ് കക്ഷികളോടു മല്‍സരിച്ചത്.

തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട്. അഥവാ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അവിടങ്ങളില്‍ സൗഹൃദ മല്‍സരമാവാമെന്ന നിലപാടിലാണിവര്‍. ഈ അവസരം മുതലെടുത്താണ് സി.പി.എം. ആര്‍.എസ്.പിയെ പിളര്‍ത്താനൊരുങ്ങുന്നത്.

എന്നാല്‍, സംസ്ഥാനതലത്തില്‍ ആര്‍.എസ്.പിയെ പിളര്‍ത്തുക എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞ സി.പി.എം. നേതൃത്വം ജില്ലാ കമ്മിറ്റികളെ പിളര്‍ത്താനാണ് ഒരുങ്ങുന്നത്. ഇതിനിടെ കുന്നത്തൂര്‍ നിയോജക മണ്ഡലം എം.എല്‍.എയും ആര്‍.എസ്.പി. നേതാവുമായ കോവൂര്‍ കുഞ്ഞുമോനെ ആര്‍.എസ്.പിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് അടുത്ത തവണ ഇതേ മണ്ഡലത്തില്‍ നിന്ന് സി.പി.എം. പിന്തുണയോടെ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it