Flash News

ആര്‍.എസ്.എസ്: മാറ്റം യൂണിഫോമില്‍ മാത്രം മതിയോ?

ആര്‍.എസ്.എസ്: മാറ്റം യൂണിഫോമില്‍ മാത്രം മതിയോ?
X
IMTHIHAN-SLUG-352x300തൊണ്ണൂറു വര്‍ഷമായി തുടരുന്നു പോരുന്ന യൂണിഫോം മാറ്റാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചിരിക്കുന്നു. രാജസ്ഥാനിലെ നഗൗറില്‍ മൂന്നു ദിവസമായി നടന്നു വരുന്ന അഖില ഭാരതീയ പ്രതിനിധി സഭാ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ആര്‍.എസ്.എ മുഖമുദ്രയായിരുന്നു വീതി കൂടിയ കാക്കി ട്രൗസറും വെളള ഷര്‍ട്ടും. കര്‍ശനമായ കാഡര്‍ സംവിധാനമുളള ആര്‍.എസ്.എസ് യുവാക്കളെ ആകര്‍ഷിക്കുന്നതിനാണത്രെ  തങ്ങളുടെ യൂണിഫോമില്‍ വിട്ടു വീഴ്ചക്കു തയ്യാറായത്.  മധ്യവര്‍ഗ അഭ്യസ്ത യുവാക്കളില്‍ അനുകൂല പ്രതികരണമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന. കാലാനുസൃതമായ മാറ്റം അനിവാര്യമാണ് എന്നാണ് ഇതിനെക്കുറിച്ച് ആര്‍. എസ്.എസ്. കാര്യവാഹ് ഭയ്യാജി ജോഷി പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. കാലാനുസൃത മാറ്റം അനിവാര്യം തന്നെ. പക്ഷേ  അത് ട്രൗസറില്‍ മാത്രം മതിയോ?

സാംസ്‌കാരിക ദേശീയതയുടെ വക്താക്കളായാണ് ആര്‍എസ്എസ് ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിക്കുന്നത്. അവരുടെ ആ ചിന്താധാരയ്ക്ക് സ്വാതന്ത്രസമര കാലത്തോളം പഴക്കമുണ്ട്. അതുപ്രകാരം ഇന്ത്യയ്ക്കു പുറത്ത് ഉരുവം കൊണ്ടിട്ടുള്ള ആശയങ്ങളും മതങ്ങളും എല്ലാം രണ്ടാംകിടയോ പുറത്താക്കപ്പെടേണ്ടവയോ ആണ്. ഇസ്ലാമും ക്രിസ്റ്റിയാനിറ്റിയും കമ്യൂണിസ്റ്റ് ആശയശാസ്ത്രവും ഇതുപ്രകാരം തള്ളപ്പെടേണ്ടവയില്‍ പെടും. ദലിത് സ്വത്വബോധത്തെ തകര്‍ക്കുന്ന സവര്‍ണസംസ്‌കൃതിയുടെ പുനഃസ്ഥാപനവും ഇവരുടെ അജണ്ടയുടെ ഭാഗമാണ്. ഇത്തരം ആശയധാരകളെ തിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കാക്കി ട്രൗസറിനേക്കാള്‍ മുന്‍പ് മുറിച്ചുമാറ്റേണ്ടത് ഗോള്‍വാക്കറുടെ വിചാരധാരയാണ് എന്നാണ് ഇതിനര്‍ഥം. ഇത്തരം നീക്കങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഉള്ളതായി വാര്‍ത്തകളൊന്നുമില്ല.

ശാസ്ത്രവും സാങ്കേതികവിദ്യയും വാനോളം ഉയരുകയും ജനാധിപത്യ-മനുഷ്യാവകാശങ്ങളെക്കുറിച്ച അവബോധം ലോകജനതകള്‍ക്കിടയില്‍ എക്കാലത്തേക്കാളും ശക്തമാവുകയും ചെയ്ത ഒരു ഘട്ടത്തില്‍ വെറും കാക്കി ട്രൗസര്‍ മാറിയതു കൊണ്ടു മാത്രം ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന; വൈവിധ്യം കൊണ്ട് കരുത്താര്‍ജ്ജിച്ച; നാനാതത്വത്തിന്റേതായ സമ്പന്ന പാരമ്പര്യമുളള ഒരു രാഷ്ട്രത്തിന്റെ കടിഞ്ഞാണ്‍ ദീര്‍ഘ കാലം കയ്യേന്താന്‍ ആര്‍.എസ്.എസിന്നെ പര്യപ്തമാക്കുകയില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അരങ്ങേറിയ അസഹിഷ്ണുതാ വിരുദ്ധ കാമ്പയിനുകളും വിവിധ സര്‍വകലാശാലകളില്‍ കൊടുമ്പിരി കൊണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്. അത് ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സ് സ്ഥായിയായി എവിടെ നിലകൊളളുന്നുവെന്നതിന്റെ സൂചനയാണ്. അതിനെ ജനങ്ങളുടെ മതവികാരങ്ങളെ ചൂഷണം ചെയ്തു കൊണ്ടു താല്‍ക്കാലികമായി മറികടക്കാനായേക്കും. പക്ഷേ എക്കാലത്തും ജനങ്ങളെ വിഢികളാക്കുക സാധ്യമാവുകയില്ല.
Next Story

RELATED STORIES

Share it