ആര്‍.എസ്.എസുകാരനായതില്‍ അഭിമാനമെന്ന് കവിന്ദര്‍ ഗുപ്ത

ശ്രീനഗര്‍: ആര്‍.എസ്.എസുകാരനായതില്‍ അഭിമാനിക്കുന്നെന്ന് ജമ്മുകശ്മീര്‍ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത. ആര്‍.എസ്.എസുകാരനെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍. നിയമസഭയില്‍ താന്‍ സ്പീക്കര്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍.എസ്.എസുകാരനെ പ്പോലെ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും താങ്ക ള്‍ സഭയുടെ രക്ഷാധികാരിയാണെന്നുമുള്ള നാഷനല്‍ കോണ്‍ഫറന്‍സ് അംഗം ദേവീന്ദര്‍ സിങ് റാണയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കവിന്ദര്‍ ഗുപ്ത. ബീഫ് നിരോധനം, തീര്‍ത്ഥാടനകേന്ദ്രങ്ങൡലേക്കുള്ള ഹെലികോപ്റ്ററുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തല്‍, പ്രളയദുരന്തത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭ പ്രക്ഷുബ്ധമായപ്പോഴാണ് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ക്കെതിരേ തിരിഞ്ഞത്.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിവാദ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നായിരുന്നു നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം.താന്‍ ആര്‍.എസ്.എസുകാരനാണെന്ന ഗുപ്തയുടെ വിശദീകരണത്തോടെ സഭ ബഹളത്തില്‍ മുങ്ങി. ആര്‍.എസ്.എസ്. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നു നടുത്തളത്തിലിറങ്ങിയ എന്‍.സി. അംഗങ്ങളെ മാര്‍ഷലുകള്‍ സഭയ്ക്കു പുറത്താക്കി.

നേരത്തേ രണ്ടുതവണ നീട്ടിവച്ച സഭാനടപടികള്‍ പുതിയ സംഭവവികാസങ്ങളോടെ പിരിഞ്ഞു.കഴിഞ്ഞയാഴ്ച ബീഫ് നിരോധനത്തെ അനുകൂലിച്ച് ഗുപ്ത സംസാരിച്ചത് വിവാദമായിരുന്നു. ബീഫ് നിരോധനം ഒഴിവാക്കുന്നതിന് ബില്ല് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന ഗുപ്തയുടെ പ്രസ്താവനയാണു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
Next Story

RELATED STORIES

Share it