thiruvananthapuram local

ആര്‍ഷാ വൈദ്യനിലയത്തിന് ആര്‍ഷാ ആയുര്‍വേദ ആശുപത്രിയുമായി ബന്ധമില്ലെന്ന്

തിരുവനന്തപുരം: പോലിസ് റെയ്ഡ് നടത്തിയ ആര്‍ഷാ വൈദ്യനിലയം എന്ന സ്ഥാപനത്തിന് ആര്‍ഷാ ആയൂര്‍വേദിക്‌സ് ആന്റ് ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് മാനേജിങ് ഡയറകടര്‍ എം എന്‍ രവീന്ദ്രന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിരോധിച്ച ക്രോസ മസാജിങ് ഉള്‍പ്പടെ നടത്തുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന ആര്‍ഷാ വൈദ്യനിലയും എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം പോലിസ് പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നടത്തിപ്പുകാരനായ എറണാകുളം മറൈന്‍ഡ്രൈവ് സ്വദേശി മണിലാലിനെ പോലിസ് കസ്റ്റഡിലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ഷാ ആയുര്‍വേദിക്‌സിന് ഇവരുമായി ബന്ധമില്ലെന്ന് എംഡി അറിയിച്ചത്.
ആര്‍ഷ വൈദ്യനിലയം തങ്ങളുടെ അംഗീകൃത യൂനിറ്റോ ഫ്രാഞ്ചൈസിയോ അല്ല. പോലിസ് പരിശോധന നടത്തിയ സ്ഥാപനം ആര്‍ഷാ വൈദ്യനിലയം എന്ന പേരിലാണ് പ്രവര്‍ത്തിച്ച് വന്നത്. പേരും ലോഗയും അതുപോലെ ഉപയോഗിക്കുകയായിരുന്നു.
ആര്‍ഷാ എന്ന പേരില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഏക സ്ഥാപനം തങ്ങളുടേത് മാത്രമാണ്. 1994 മുതല്‍ ആര്‍ഷാ ആയൂര്‍വേദിക്‌സ് ആശുപത്രി തിരുവനന്തപുരം പടിഞ്ഞാറെ പൂങ്കുളത്ത് പ്രവര്‍ത്തിച്ചു വരുന്നു.
ഐഎസ്ഒ അംഗീകാരമുള്ളതും അഖിലേന്ത്യാ തലത്തില്‍ വൈദ്യവിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കി വരുന്നതുമാണ്. സര്‍ക്കാര്‍ ആയൂര്‍വേദ കോളജുകളില്‍ നിന്നും വിരമിച്ച പ്രിന്‍സിപലും പ്രഫസര്‍മാരുള്‍പ്പെടെ അരഡസനിലേറെ പ്രഗത്ഭരാണ് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.
അശരണരായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നടത്തി സേഷ്യല്‍ ജസ്‌ററീസ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രശംസയും നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരായ ഗീത, രഞ്ജിത്ത് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it