ആര്‍മി റിക്രൂട്ട്‌മെന്റില്‍ വ്യാജരേഖ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പാങ്ങോട് നടക്കുന്ന കരസേനാ റിക്രൂട്ട്‌മെന്റില്‍ വ്യാജരേഖകളുമായി ഉദ്യോഗാര്‍ഥികള്‍ എത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലിസ് തീരുമാനം.
ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ ഇന്നലെ പങ്കെടുക്കാന്‍ എത്തിയ രണ്ട് ഉദ്യോഗാര്‍ഥികളുടെ രേഖകള്‍ വ്യാജമാണെന്നു റിക്രൂട്ടിങ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അവരെ ഇന്നലെ രാത്രി പൂജപ്പുര പോലിസിന് കൈമാറി.
കൊല്ലം ജില്ലയില്‍ നിെന്നടുത്ത വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് രണ്ടു പേര്‍ ഈ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഉദ്യോഗാര്‍ഥികളുമായി റിക്രൂട്ടിങ്് ഉദ്യോഗസ്ഥര്‍ നടത്തിയ അഭിമുഖത്തില്‍ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്നും ഇവരെ കൂടാതെ ഒമ്പത് ഉദ്യോഗാര്‍ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് റാലിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ആറുപേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. എജന്റിന് പണം നല്‍കിയാണു വ്യാജരേഖ സംഘടിപ്പിച്ചതെന്നു പിടിയിലായവര്‍ പറഞ്ഞു.
ശാരീരിക പരിശോധന പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പു മനസ്സിലായത്. രേഖകള്‍ വ്യാജമെന്നു കണ്ടെത്തിയതോടെ ആര്‍മി ഉദ്യോഗസ്ഥര്‍ ഇവരെ പോലിസിന് കൈമാറി. ഇവര്‍ നല്‍കിയതു വ്യാജ തിരിച്ചറിയല്‍ രേഖകളാണെന്നു മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലും വ്യക്തമായി. ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ അഭിമുഖത്തിന് ശേഷം അതതു ലോക്കല്‍ പോലിസ് സ്റ്റേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, സ്‌പോര്‍ട്ട്‌സ് അതോറിറ്റി എന്നിവര്‍ക്ക് അയച്ചു കൊടുത്ത് കൃത്യത ഉറപ്പുവരുത്താറുണ്ടെന്ന് ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it