wayanad local

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; ജില്ലയില്‍നിന്ന് അപേക്ഷകര്‍ കുറവ്

കല്‍പ്പറ്റ: ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ വയനാട്ടില്‍ നിന്ന് അപേക്ഷകര്‍ കുറവാണെന്നു റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കോഴിക്കോട് ജില്ലാ ആര്‍മി റിക്രൂട്ടിങ് ഓഫിസര്‍ കേണല്‍ അനില്‍ ഠാക്കൂര്‍ പറഞ്ഞു.
ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതലായി താമസിക്കുന്ന വയനാടിന്റെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ളവരെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയണം. വിവിധ ജില്ലകളില്‍ നിന്നായി 10,000ത്തോളം അപേക്ഷകള്‍ ഇതിനകം ഓണ്‍ലൈനായി ലഭിച്ചു കഴിഞ്ഞു. അപേക്ഷകള്‍ മാര്‍ച്ച് 22 വരെയാണ് സ്വീകരിക്കുക. റാലി തികച്ചും സുതാര്യമായാണ് നടത്തുന്നത്.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സൈനിക ഉദ്യോഗസ്ഥരാണ് കായിക, മെഡിക്കല്‍ പരിശോധനകള്‍ നടത്തുക. അഡ്മിറ്റ് കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിക്കുക.
ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് ഇംപ്രഷന്‍ രേഖപ്പെടുത്തും.
യോഗ്യരെന്നു കണ്ടെത്തുന്നവര്‍ക്കായി വൈദ്യപരിശോധന ഇവിടെ വച്ചുതന്നെ നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്കായി കോഴിക്കോടാണ് എഴുത്തുപരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര നിരക്കില്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.
ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായതിനാല്‍ അപേക്ഷ അയക്കുന്നതിനായി പട്ടികവര്‍ഗ വകുപ്പ് മുഖേന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
റാലിയില്‍ ജില്ലയില്‍നിന്ന് യോഗ്യരായ യുവാക്കളെ പങ്കെടുപ്പിക്കുന്നതിന് വിപുലമായ പ്രചാരണം നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. റാലിക്കെത്തുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച ഭക്ഷണം ഏര്‍പ്പെടുത്താന്‍ കുടുംബശ്രീക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. താല്‍ക്കാലിക താമസ സൗകര്യത്തിന് തൊട്ടടുത്ത സ്‌കൂളുകളില്‍ സൗകര്യമേര്‍പ്പെടുത്തും.
Next Story

RELATED STORIES

Share it