Flash News

ആര്‍ഭാട വിവാഹം : മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരുത്തിയാലേ ആര്‍ഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷനേടാനാവൂ. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നാട്ടുനടപ്പെന്ന നിലയില്‍ നിര്‍ധന കുടുംബങ്ങള്‍ പലപ്പോഴും കിടപ്പാടം വിറ്റും കടംവാങ്ങിയും വിവാഹം നടത്തേണ്ടിവരുന്നു. ചിലവേറിയ വിവാഹാഘോഷങ്ങളില്‍ നിന്നും ഇതിനാവശ്യമായ ഫണ്ട് പിരിച്ചെടുക്കാന്‍ മംഗല്യനിധി സെസ് പിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.  എന്നാല്‍, ഈ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞു. കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങള്‍ക്കുമേല്‍ നികുതി ചുമത്തിയിരുന്നു. ജൂലൈ മാസം ഒന്നുമുതല്‍ ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുകയും ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഡംബര വിവാഹങ്ങള്‍ സാമൂഹികദുരന്തമായി മാറിയെന്ന് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച മുല്ലക്കര രത്‌നാകരന്‍ ചൂണ്ടിക്കാട്ടി.അതേസമയം, ഗോത്രാചാര പ്രകാരം ശൈശവ വിവാഹം നടത്തുന്ന ആദിവാസി യുവാക്കള്‍ പോക്‌സോ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഈ സ്ഥിതി ഒഴിവാക്കുന്നതിന് പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ ആവശ്യമാണ്. സംസ്ഥാനത്തെ ആദിവാസികളില്‍ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നില്‍ക്കുന്ന പണിയര്‍, നായ്ക്കര്‍, കാട്ടുനായ്ക്കര്‍, തേന്‍കുറുമര്‍ തുടങ്ങിയവിഭാഗം സാമ്പത്തികമായും സാമൂഹികമായും നിലവില്‍ പിന്നാക്കം തന്നെയാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള നിയമത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് കാര്യമായ ബോധ്യമില്ല. ഈ സാഹചര്യത്തില്‍ ആദിവാസി ഊരുകളില്‍ പോലിസ് ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it