ആര്‍ഭാടമില്ലാതെ സ്‌കൂള്‍ മേളകള്‍ നടത്തും: മന്ത്രി രവീന്ദ്രനാഥ്‌

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലാ-കായിക-ശാസ്ത്രമേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കലോല്‍സവ മാന്വല്‍ സമിതി യോഗത്തിനുശേഷം നിലവില്‍ തീരുമാനിച്ച വേദിയായ ആലപ്പുഴ മാറ്റണോ എന്ന കാര്യവും തീരുമാനിക്കും. 17നാണ് മാന്വല്‍ കമ്മിറ്റി ചേരുക. പുതിയ മാന്വല്‍ പ്രകാരമാണ് മേളകള്‍ നടക്കുകയെന്നും തിയ്യതിയും വേദിയും യോഗത്തിനുശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി ചെലവു ചുരുക്കിയാണ് കലാ-കായിക മേളകള്‍ നടത്തുക. ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ എന്ന രീതിയിലാണ് മല്‍സരങ്ങള്‍ നടക്കുക. മല്‍സര ഇനങ്ങള്‍, സമയം, വേദികള്‍ തുടങ്ങിയവ മാന്വല്‍ കമ്മിറ്റി തീരുമാനിക്കും.
മേളകള്‍ ഒഴിവാക്കുന്നത് ആയിരക്കണക്കിന് കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനെ ബാധിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ റദ്ദാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെതിരേ സാംസ്‌കാരിക, വിദ്യാഭ്യാസ മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശത്തിലേക്ക് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്‌കൂള്‍ കലോല്‍സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ കൂട്ടിച്ചേര്‍ത്ത് ഉത്തരവിറക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുടര്‍ന്ന്, അമേരിക്കയില്‍ ചികില്‍സയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയശേഷമാണ് കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന എല്ലാ മേളകളും ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിച്ചത്.  അതേസമയം, ഡിസംബറില്‍ നടക്കാനിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Next Story

RELATED STORIES

Share it