Flash News

ആര്‍ഭാടജീവിതം നയിക്കുന്ന നേതാക്കള്‍ കൂടിവരുന്നു : ആന്റണി



കണ്ണൂര്‍: ആര്‍ഭാടജീവിതം നയിക്കുന്ന നേതാക്കളുടെ എണ്ണം രാഷ്ട്രീയത്തില്‍ കൂടിവരുകയാണെന്നും ഇത്തരം നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്ഥാനമുണ്ടാവില്ലെന്നും എഐസിസി പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. മുന്‍മന്ത്രി കെ പി നൂറുദ്ദീന്‍ അനുസ്മരണ സമ്മേളനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനം നഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിയോടു കലര്‍പ്പില്ലാത്ത കൂറ് പുലര്‍ത്തുന്ന നേതാക്കളുടെ എണ്ണം കുറഞ്ഞുവരുകയാണ്. പാര്‍ട്ടിപദവിയില്‍ ഇരിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ അച്ചടക്കത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ സ്ഥാനം നഷ്ടപ്പെട്ടാല്‍ അച്ചടക്കം പാടെ ലംഘിച്ച് വിമതരായി മാറും. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സ്വഭാവം. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ നില മെച്ചപ്പെടണമെങ്കില്‍ കാലാള്‍പ്പട കൂടുതല്‍ സജീവമാവണം. സാഹസികരും ആര്‍ജവമുള്ളതുമായ പുതുതലമുറ രംഗത്തുവരണം. അനീതി ചോദ്യം ചെയ്യാന്‍ തയ്യാറുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ നേതൃത്വം തയ്യാറാവണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരെപ്പോലെ ആര്‍ഭാടജീവിതം നയിക്കാന്‍ അര്‍ഹതയില്ല. പത്തരമാറ്റുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് കെ പി നൂറുദ്ദീന്‍. പേരാവൂരില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഹൈക്കമാന്‍ഡ് മാറ്റിയത്. എന്നാല്‍ റിബലായി മല്‍സരിക്കാന്‍ പലരും നിര്‍ബന്ധിച്ചപ്പോഴും അതിനു തയ്യാറാവാത്ത നൂറുദ്ദീന്‍ പുതിയ തലമുറയ്ക്ക് മാതൃകയായെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ സി ജോസഫ്, സുമ ബാലകൃഷ്ണന്‍, പി രാമകൃഷ്ണന്‍, എ ഡി മുസ്തഫ, എ പി അബ്ദുല്ലക്കുട്ടി, റിജില്‍ മാക്കുറ്റി, കെ സുരേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it