ആര്‍ബിഐ നിരക്കു കൂട്ടി; ഭവന, വാഹന വായ്പാ പലിശ വര്‍ധിക്കും

മുംബൈ: ബുധനാഴ്ച നടന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി വായ്പാ നയം പ്രഖ്യാപിച്ചു. റിപോ നിരക്ക് 25 ബേസിസ് പോയിന്റ് (0.25 ശതമാനം) വര്‍ധിപ്പിച്ചു. നാലര വര്‍ഷത്തിനിടെ ആദ്യമായാണ് റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടുന്നത്.
റിപോ നിരക്ക് ആറുശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി ഉയര്‍ന്നു. 2014 ജനുവരിയിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റിപോ നിരക്ക് കൂട്ടിയത്. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപോ നിരക്ക് ആറു ശതമാനമായി ഉയര്‍ന്നു. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് പലിശനിരക്ക് കൂട്ടാനുള്ള തീരുമാനമെടുത്തത്.
റിപോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പ ഉള്‍പ്പെടെയുള്ള വായ്പാ പലിശനിരക്കുകള്‍ ഉയരും. റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തിന് മുന്നോടിയായി ജൂണ്‍ ഒന്നിന്എസ്ബിഐ, പിഎന്‍ബി, ഐസിഐസിഐ ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു.
അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം. പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേക്ക് പണപ്പെരുപ്പ നിരക്ക് താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.
Next Story

RELATED STORIES

Share it