Kottayam Local

ആര്‍പ്പൂക്കരയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി തയ്യാറാവുന്നു

ആര്‍പ്പൂക്കര: ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്തില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പദ്ധതി തയ്യാറാകുന്നു. പഞ്ചായത്തിലെ മനോഹരമാക്കുന്ന ചെണ്ണാര്‍ തോടും മീനച്ചിലാറും കൈപ്പുഴയാറും കൈവഴികളും വേമ്പനാട്ടു കായല്‍ തീരവും ചേക്ക എസ്റ്റേറ്റ് പ്ലാന്റേഷനും ആമ്പല്‍പ്പൂ നിറഞ്ഞു സുന്ദരമായ ചുഴലിക്കുഴി പ്രദേശവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് രൂപരേഖ തയ്യാറാക്കുന്നത്. കുടുബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും ഹോംസ്റ്റേ ഓണേഴ്‌സിന്റെയും ഹൗസ് ബോട്ട് ഓണേഴ്‌സിന്റെയും സംയുക്ത സഹകരണത്തോടെയാണു പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി സംബന്ധിച്ച ഉത്തരവാദിത്വ ടൂറിസം സെമിനാര്‍ പഞ്ചായത്ത് ഹാളില്‍ എംഎല്‍എ കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റുകളോടുള്ള വിനയമായ പെരുമാറ്റവും വൃത്തിയായ അന്തരീക്ഷവും മാലിന്യ വിമുക്തമായ തോടുകളും സംരക്ഷിച്ച് മാത്രമേ ടൂറിസം പദ്ധതികള്‍ക്കു നിലനില്‍ക്കാന്‍ കഴിയൂവെന്നും അതിനു വേണ്ടി നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ സെമിനാറില്‍ പദ്ധതിയെ സംബന്ധിച്ചു വിശദമായി ക്ലാസ് നയിച്ചു. നഷ്ടപ്പെടുന്ന നാടന്‍ പാട്ടുകളും കലകളും കൊയ്ത്തുപാട്ടും ഓണാഘോഷവുമായി ബന്ധപ്പെട്ട് തുമ്പിതുള്ളലും വിനോദ സഞ്ചാരികള്‍ക്കു കൗതുകം ഉണര്‍ത്തുന്ന മീന്‍പിടിത്ത കാഴ്ചകളും ഉള്‍പ്പെടുത്തി ടൂറിസം ഫെസ്റ്റ് നടത്താന്‍ സെമിനാറില്‍ തീരുമാനമായി.പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ സി ചതുരച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എല്‍സമ്മ വേളാശ്ശേരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജസ്റ്റിന്‍ ജോസഫ്, റോസിലി ടോമിച്ചന്‍, ജെയിംസ് തിട്ടാല, പഞ്ചായത്ത് മെംബര്‍മാരായ പി കെ ഷാജി, ആനന്ദ് പഞ്ഞിക്കാരന്‍, ബീനാ രാജേന്ദ്രന്‍, ശോഭനാ വേലായുധന്‍ ,അജിതാ കുമാര്‍,പ്രഭാത്, സന്ധ്യ, ശ്രീകാന്ത് പ്രവീണ്‍ കുമാര്‍, ഷൈനി ലൂക്കോസ് പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it