ആര്‍പിഎഫ് വനിതാ ബറ്റാലിയന്‍ രൂപീകരണം അവതാളത്തില്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് റെയില്‍വേ നടപ്പാക്കാനിരുന്ന വനിതാ ബറ്റാലിയന്‍ രൂപീകരണം അവതാളത്തില്‍. ആവശ്യത്തിനു വനിതാ ജീവനക്കാരില്ലാത്തതാണ്, റെയില്‍വേ പദ്ധതിയില്‍നിന്നു പിന്‍മാറാന്‍ കാരണം.
തിരുവനന്തപുരം, പാലക്കാട് യൂനിറ്റുകള്‍ കേന്ദ്രീകരിച്ചു സുരക്ഷ ഒരുക്കുന്നതിനാണ് പ്രത്യേക ബറ്റാലിയന്‍ എന്ന ആവശ്യം ഉയര്‍ന്നത്. കേന്ദ്രം അംഗീകരിച്ച പദ്ധതി പ്രതിസന്ധിയിലാവാന്‍ കാരണം കേരളത്തില്‍നിന്ന് സമ്മര്‍ദ്ദമില്ലാത്തതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രണ്ടു ഡിവിഷനുകള്‍ക്കുകൂടി നിലവില്‍ 600 ആര്‍പിഎഫ് ജീവനക്കാരാണുള്ളത്. ഇവരില്‍ 50ഓളം പേര്‍ മാത്രമാണ് വനിതകള്‍. ഇവരെ വച്ച് പ്രത്യേക ബറ്റാലിയന്‍ പ്രാവര്‍ത്തികമാവില്ല. അതിനായി കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ അസോസിയേഷനുകള്‍ അധികൃതര്‍ക്കു കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടക്കുന്നില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സി(ആര്‍പിഎഫ്)ല്‍ ഒഴിവുകള്‍ നികത്തുന്നതിന് പ്രത്യേക കാറ്റഗറി വയ്ക്കാത്തതും വനിതാ ജീവനക്കാര്‍ കുറയുന്നതിനു കാരണമാവുന്നുണ്ട്.
ജനറല്‍ കാറ്റഗറിയില്‍ തന്നെയാണ് വനിതകളും നിയമിതരാവുന്നത്. അതിനാല്‍ വനിതാ ജീവനക്കാര്‍ വിരമിക്കുന്ന ഒഴിവുകളിലേക്ക് വനിതകള്‍ തന്നെ നിയമിക്കപ്പെടുന്നില്ല.
പാലക്കാട്, തിരുവനന്തപുരം യൂനിറ്റുകള്‍ക്കായി എറണാകുളം കേന്ദ്രമാക്കി ഒരു വനിതാ ബറ്റാലിയന്‍ സാധ്യമാക്കുമെന്നായിരുന്നു റെയില്‍വേ നേരത്തേ ഉറപ്പുനല്‍കിയിരുന്നത്.
എല്ലാ ട്രെയിനുകളിലും മതിയായ സുരക്ഷാ ജീവനക്കാരുടെ സൗകര്യം ലഭ്യമല്ല. രാത്രികാലങ്ങളില്‍ പോലും വനിതാ കംപാര്‍ട്ടുമെന്റുകളില്‍ സുരക്ഷയ്ക്ക് ആളില്ലാത്ത അവസ്ഥയാണ്. ചില ട്രെയിനുകളില്‍ വനിതാ കംപാര്‍ട്ട്‌മെന്റുകള്‍ മധ്യഭാഗത്തേക്കു മാറ്റിയതൊഴിച്ചാല്‍ കാര്യമായ സുരക്ഷ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല.
Next Story

RELATED STORIES

Share it