thrissur local

ആര്‍ദ്രം ദൗത്യംഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി

തൃശൂര്‍: ആര്‍ദ്രം മിഷന്‍, ആരോഗ്യ ജാഗ്രത പദ്ധതികള്‍ സംബന്ധിച്ച് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം മിഷന്റെ കാര്യക്ഷമമായ മുന്നേറ്റത്തിനായി പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളായ രോഗീ സൗഹൃദ ആശുപത്രി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഓരോ ആരോഗ്യപ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂടിയ പ്രത്യേക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഫീല്‍ഡ്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക യോഗം ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ക്കുന്നത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഒ.പി സമയം വര്‍ദ്ധിപ്പിച്ച് മൂന്ന് ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും അധിക സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാനായുള്ള യജ്ഞത്തില്‍ ഈ പദ്ധതിയുടെ വിജയത്തിനായി ഓരോ ജീവനക്കാരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണം.
ആരോഗ്യരംഗത്തെ വിവിധ ചുവടുവയ്പുകളായ ഇഹെല്‍ത്ത്, ആരോഗ്യ ജാഗ്രത, പ്രതിരോധ ചികിത്സാ പരിപാടികള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള പദ്ധതികള്‍ തുടങ്ങിയ ഓരോ പരിപാടികളും പല ദിശകളിലായി തിരിയാതെ ഒരേ മാര്‍ഗത്തിലൂന്നി ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ ആരോഗ്യ പ്രവര്‍ത്തകരിലും നിക്ഷിപ്തമാണ്.
സബ് സെന്റര്‍ തലത്തിലുളള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ഗൃഹസന്ദര്‍ശനങ്ങള്‍ കൃത്യമായി നടത്തുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിക്കുകയും പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ കൃത്യമായ അവലോകനവും മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ സംഘടിതമായി നിര്‍വ്വഹിക്കേണ്ടതാണ്. ആരോഗ്യ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകയോഗങ്ങള്‍ കൂടി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുവാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
ജോലി സമയത്തിലും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലും കൃത്യത പാലിക്കാത്തവര്‍ക്കെതിരെയും ഡ്യൂട്ടി സമയങ്ങളില്‍ യൂണിഫോം ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ കണ്‍ കറന്റ് സൂപ്പര്‍ വിഷന്‍ കൃത്യമായി നടത്തണം. പകര്‍ച്ചവ്യാധികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. രോഗങ്ങളെ തൂത്തെറിഞ്ഞ് അസുഖം മൂലമുള്ള മരണങ്ങള്‍ തടഞ്ഞുകൊണ്ട് നല്ലൊരു നാളേക്കായി ഒരുമിച്ച് മുന്നേറാമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it