wayanad local

ആര്‍ഡി ഓഫിസ് മാര്‍ച്ചും ധര്‍ണയും

മാനന്തവാടി: താലൂക്കിലെ അമ്പുകുത്തി, ഇല്ലത്തുമൂല, കല്ലിയോട്ടുകുന്ന് പ്രദേശങ്ങളില്‍ 1960 മുതല്‍ ഭൂമി കൈവശംവച്ചു വരുന്ന കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ഡി ഓഫിസിലേക്ക് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. 1989-90ല്‍ സര്‍ക്കാര്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 155 കൈവശക്കാരില്‍ 118 പേര്‍ക്ക് കൈവശരേഖ നല്‍കിയിരുന്നു. കൈവശരേഖ ലഭിച്ച 118 കുടുംബങ്ങളുടെ ഭൂമിയില്‍ അവരുടെ മക്കളും ബന്ധുക്കളുമായി 262 കുടുംബങ്ങള്‍ ഇപ്പോഴുണ്ട്. അന്നു കൈവശം ലഭിക്കാത്ത 35 പേരുടെ ഭൂമിയില്‍ ഇന്ന് 57 കുടുംബങ്ങള്‍ ഉള്‍പ്പെടെ 319 പേര്‍ താമസിക്കുന്നു. നിരന്തര സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2013ല്‍ ഈ ഭൂമി രണ്ടാമതും ജോയിന്റ് വെരിഫിക്കേഷന്‍ നടത്തുകയും പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്തതാണ്. എന്നാല്‍, ഇന്നുവരെ പട്ടയം നല്‍കുന്നതിനു വേണ്ടി മറ്റൊരു പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മേല്‍ കൈവശ ഭൂമി ഉള്‍പ്പെടുന്ന പ്രദേശം വനത്താല്‍ ചുറ്റപ്പെട്ടതോ വനത്തോട് ചേര്‍ന്നു നില്‍ക്കുന്നതോ അല്ല. ധര്‍ണ മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍, സിപിഎം മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി, ഏരിയാ കമ്മിറ്റി അംഗം എം രജീഷ്, ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോര്‍ജ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എന്‍ കെ വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it