ആര്‍ട്ട് ഓഫ് ലിവിങ് സാംസ്‌കാരിക ഉല്‍സവം: ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

ന്യൂഡല്‍ഹി: യമുനാ തീരത്ത് ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് ത്രിദിന ലോകസാംസ്‌കാരിക ഉല്‍സവം ഗൗരവമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. യമുനാതീരത്തെ കൃഷി നശിപ്പിക്കുക, പാലം നിര്‍മിക്കാന്‍ സൈന്യത്തെ ഉപയോഗിക്കുക, സര്‍ക്കാരിന്റെ സഹായം തേടുക തുടങ്ങിയ വിവാദങ്ങള്‍ക്കു പുറമെയാണു പരിസ്ഥിതി പ്രശ്‌നവും ഉയര്‍ന്നിരിക്കുന്നത്.
യമുനയുടെ കരയില്‍ ഫഌഡ് പ്ലൈന്‍ (വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ അത് കരകവിയാതിരിക്കാന്‍ മാറ്റിവച്ചിരിക്കുന്ന നദിക്കരയിലെ പ്രദേശം) പ്രദേശത്താണ് പരിപാടി നടക്കുന്നത്. ഫഌഡ് പ്ലൈന്‍ പ്രദേശത്തെ നദിയില്‍നിന്ന് വേര്‍തിരിച്ചു കാണാറില്ല. ഏഴ് ഏക്കറിലാണ് ഇവിടെ പ്രധാന വേദി സജ്ജീകരിച്ചിരിക്കുന്നത്. വേദിക്ക് 40 അടി ഉയരമുണ്ട്. 3.5 മില്യന്‍ പേര്‍ പങ്കെടുക്കുന്ന പരിപാടിക്കായി നിരവധി ടെന്റുകളും സജ്ജീകരിച്ചു. ഇതോടൊപ്പം ഇവിടേക്കു താല്‍ക്കാലിക റോഡുകളും പാലങ്ങളും നിര്‍മിച്ചു. ഫഌഡ് പ്ലൈന്‍ പ്രദേശത്തെ നിരപ്പാക്കിയാണ് ഇതെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി ഏക്കര്‍ കണക്കിനു കൃഷിയും ചെടികളും നശിപ്പിച്ചു. ഇതിനെതിരേ പ്രതിഷേധിച്ച കര്‍ഷകരെ പോലിസ് ജയിലിലിടുകയും ചെയ്തു.
ഫഌഡ് പ്ലൈന്‍ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ ഭൂഗര്‍ഭ ജലസ്രോതസ്സിനെ ഗൗരവമായി ബാധിക്കുമെന്നു പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വരള്‍ച്ചയിലേക്ക് നയിക്കും. വേദി നിര്‍മിക്കാനുള്ള നികത്തലിന്റെ ഭാഗമായി വലിയ അളവിലുള്ള മാലിന്യങ്ങള്‍ യമുനയിലേക്ക് തള്ളപ്പെട്ടതായി ഡല്‍ഹി ഐഐടി സിവില്‍ എന്‍ജിനീയറിങ് ഡിപാര്‍ട്ട്‌മെന്റിലെ പ്രഫസര്‍ എ കെ ഗോസയ്ന്‍ ചൂണ്ടിക്കാട്ടുന്നു. പരിപാടിയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതിയിലെ അംഗമാണ് ഗോസയ്ന്‍.
ഇത്രയധികം ആളുകള്‍ മൂന്നുദിവസം യമുനാതീരത്ത് ഒരുമിച്ച് കൂടുമ്പോഴുള്ള മാലിന്യപ്രശ്‌നങ്ങള്‍ വേറെയും. ഇവ നീക്കംചെയ്യാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും. ഇതിന് 120 കോടിയോളം ചെലവുവരുമെന്നാണു സമിതി കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി മാത്രമാണ് പിഴയിട്ടിരിക്കുന്നത്.
നിയമവിരുദ്ധമായി നടത്തുന്ന പരിപാടിക്ക് വ്യക്തി വികാസ് കേന്ദ്ര ട്രസ്റ്റിന് 2.25 കോടി രൂപയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഒരു സാംസ്‌കാരിക പരിപാടി—ക്ക് ഇത്രയും വലിയ തുക ഗ്രാന്റായി അനുവദിക്കുന്നത് ആദ്യമായാണ്. സ്വകാര്യ ട്രസ്റ്റ് നടത്തുന്ന പരിപാടി—ക്ക് സൈന്യം പാലം നിര്‍മിച്ചുനല്‍കുന്നതും ആദ്യമായാണ്.
Next Story

RELATED STORIES

Share it