ആര്‍ക്കും വേണ്ടാതെ വംശഹത്യയുടെ ഇരകള്‍

കെ എ സലിം

അഹ്മദാബാദ്: വാട്‌വ ആലംനഗര്‍ ഹര്‍ഷ് കോളനിയിലെ ഇടുങ്ങിയ വീടുകളിലൊന്നില്‍ നസീര്‍ ഹുസയ്ന്‍ മുനീര്‍ഷാ ദിവാന്‍ എനിക്കൊപ്പമിരുന്നു. സംസാരിക്കുമ്പോള്‍ അയാളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. കൈയിലിരിക്കുന്ന ദ്രവിച്ച കേസ് രേഖകളുടെ ഫയല്‍ അയാള്‍ ഇടയ്ക്കിടെ മറിച്ചു. അഹ്മദാബാദ് നഗരത്തിന്റെ പുറമ്പോക്കില്‍ മാലിന്യക്കൂമ്പാരത്തിലാണ് ആലംനഗര്‍. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടുള്ളത്. എല്ലാവരും നരോദാപാട്യയില്‍ നിന്നും ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്നും ജീവനുംകൊണ്ട് ഓടിപ്പോന്നവര്‍.
വംശഹത്യയും അതിന്റെ ജീവിച്ചിരിക്കുന്നവരുമായ ഇരകളും ഈ തിരഞ്ഞെടുപ്പില്‍ വിഷയമല്ല. ഹിന്ദുത്വര്‍ മാത്രമല്ല, മുസ്‌ലിംകളും അതേക്കുറിച്ച് സംസാരിക്കുന്നില്ല. തിരഞ്ഞെടുപ്പുകാലത്തു പോലും ആര്‍ക്കും വേണ്ടാതെ നൂറുകണക്കിന് മുസ്‌ലിംകുടുംബങ്ങള്‍ വംശഹത്യയുടെ തീപ്പിടിച്ച ഓര്‍മകളും ദുരിതങ്ങളുമായി ജീവിക്കുന്നു. നഗരത്തിന്റെ മാലിന്യങ്ങള്‍ക്കൊപ്പം ഇവിടേക്ക് തള്ളപ്പെട്ടവരാണ് തങ്ങളെന്ന് നസീര്‍ ഹുസയ്ന്‍ പറയുന്നു. തിരഞ്ഞെടുപ്പൊന്നും തങ്ങളെ ബാധിക്കുന്നതല്ല.
ഗുല്‍ബര്‍ഗ് സൊസൈറ്റിക്കടുത്തുള്ള ഓംനഗറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു അന്ന് 19കാരനായ നസീര്‍ ഹുസയ്‌ന്റെ ജീവിതം. ഐസുകട്ടകള്‍ കടകളില്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു കുടുംബത്തിന്. ജീവിതം സന്തോഷകരവും സമ്പന്നവുമായിരുന്നുവെന്ന് നസീര്‍ ഹുസയ്ന്‍ പറയുന്നു. ഗോധ്ര ട്രെയിന്‍ ദുരന്തമുണ്ടായ 2002 ഫെബ്രുവരി 27ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടില്‍ മറ്റുള്ളവര്‍ക്കൊപ്പം നസീര്‍ ഹുസയ്‌നും അഭയം തേടി. മാതാവ് ശരീഫ, സഹോദരിമാരായ ഫരീദാ ഭാനു(25), സുല്‍ത്താന ഭാനു(18), നര്‍ഗീസ്(15), സഹോദരന്‍ ഫകീര്‍ മുഹമ്മദ് (17) എന്നിവരും കൂടെയുണ്ടായിരുന്നു. ആക്രമണത്തില്‍ ഫകീറും താനുമൊഴികെയുള്ള എല്ലാവരും മരിച്ചു. ഫകീറിനെ ഒരു പോലിസുകാരന്‍ ജീപ്പിനു പിന്നിലൊളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം അഭയാര്‍ഥി ക്യാംപില്‍.
കോളനിയിലെ കുടുംബങ്ങളില്‍ വലിയൊരു ശതമാനത്തിനും ഇപ്പോള്‍ വോട്ടുണ്ട്. എന്നാല്‍ ആരും ഇവിടെ വോട്ടു ചോദിച്ചു വരാറില്ല. കോണ്‍ഗ്രസ് അവരുടെ പ്രാദേശിക പ്രതിനിധികളിലൊരാളെ അയയ്ക്കും. അയാള്‍ ഒരു യോഗം വിളിച്ച് കുറേ വാഗ്ദാനങ്ങള്‍ തരും. ഒന്നും നടക്കാന്‍ പോവുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും തങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യും. മറ്റാര്‍ക്കാണു തങ്ങള്‍ക്കു വോട്ടുചെയ്യാനുള്ളത്.
80കാരനായ ഇബ്രാഹിംഭായ് സാദിഖ് ഭായിയും ഇതുതന്നെ ചോദിക്കുന്നു. ജഫ്‌രിയുടെ വീട്ടില്‍ അഭയം തേടിയവരില്‍ ഇബ്രാഹിം ഭായിയും കുടുംബവുമുണ്ടായിരുന്നു. നാലു മക്കള്‍ അന്നവിടെ കൊല്ലപ്പെട്ടു. മകന്‍ തമീമും ഭര്‍തൃവീട്ടിലായതിനാല്‍ നസീംഭാനുവും ഇബ്രാഹിം ഭായ്‌ക്കൊപ്പം രക്ഷപ്പെട്ടു. ആരും ഇവിടെ വരാറില്ല, കാര്യങ്ങള്‍ അന്വേഷിക്കാറില്ല, വോട്ടു ചെയ്‌തോയെന്ന് പോലും ചോദിക്കാറില്ല.
35 കാരനായ ഫിറോസ് ദിലാവര്‍ ശെയ്ഖും അന്ന് ജഫ്‌രിയുടെ വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്നു. മുറിയുടെ വാതില്‍ പൂട്ടി തങ്ങള്‍ അകത്തിരുന്നു. മുറിയില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു കൂടുതലും. അക്രമികള്‍ വാതില്‍ തുറക്കാനുള്ള ശ്രമം തുടങ്ങി. കൂട്ടുകാരന്‍ റഫീഖ് വിറയ്ക്കുന്ന കൈകള്‍ കൊണ്ട് തന്റെ കൈ മുറുകെപ്പിടിച്ചിരുന്നു. വൈകാതെ അവര്‍ വാതില്‍ തകര്‍ത്തു. ബഹളത്തിനിടയില്‍ റഫീഖ് പുറത്തേക്കോടി. ആരോ ഒരു ഗ്യാസ് സിലിണ്ടര്‍ അകത്തേക്ക് വലിച്ചെറിഞ്ഞു. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന വലിയൊരു ശബ്ദം ഓര്‍മയുണ്ട്. 40 ശതമാനം പൊള്ളലേറ്റ തന്നെ പോലിസാണ് ഷാ ആലം അഭയാര്‍ഥി ക്യാംപിലെത്തിക്കുന്നത് മുറിയിലുള്ളവരെല്ലാം മരിച്ചു. റഫീഖ് രക്ഷപ്പെട്ടെന്ന് പിന്നീടറിഞ്ഞു. മെക്കാനിക്കായി ജോലി ചെയ്യുന്ന ഫിറോസ് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. ഫിറോസ് പറയുന്നു.
കോളനിയിലെ ഓരോ കുടുംബത്തിനും സമാനമായ കഥ പറയാനുണ്ട്. വംശഹത്യയ്ക്ക് ശേഷം രൂപംകൊണ്ട ഇരകളുടെ 97 വലിയ കോളനികളുണ്ട് ഗുജറാത്തില്‍. 81 കോളനികള്‍ വിവിധ മുസ്‌ലിംസംഘടനകള്‍ പണികഴിപ്പിച്ചവയാണ്. ഇതില്‍ 58 എണ്ണം നഗരപ്രാന്തങ്ങളിലാണ്. ബാക്കിയുള്ളവ ഗ്രാമങ്ങളിലും. കോളനികളിലല്ലാതെ ചിതറിപ്പോയവര്‍ വേറെയുമുണ്ട്. മാലിന്യങ്ങള്‍ക്കിടയിലും പ്രാഥമിക സൗകര്യമില്ലാത്ത പ്രാന്തപ്രദേശങ്ങളിലുമാണ് കോളനികള്‍. ഒരു വംശഹത്യക്ക് ചെയ്യാനാവുന്നതെല്ലാം 2002ലെ വംശഹത്യ മുസ്‌ലിംകളോട് ചെയ്തിട്ടുണ്ട്. അരക്ഷിതാവസ്ഥയും പേടിയും പിടിമുറുക്കിയിരിക്കുന്നു. മുസ്‌ലിംകളുടെ ജീവിതനിലവാരമുയര്‍ത്താന്‍ ലക്ഷ്യമിട്ട് 1997ല്‍ രൂപം നല്‍കിയ ഗുജറാത്ത് മൈനോറിറ്റി ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന് 400 കോടിയുടെ ഫണ്ടുണ്ട്. എന്നാല്‍ ഒന്നും ചെയ്തിട്ടില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ക്വാട്ട 15,000 ആക്കി ഉയര്‍ത്തിയെന്നതാണ് ആകെ അവകാശപ്പെടുന്ന നേട്ടം.
Next Story

RELATED STORIES

Share it