Kollam Local

ആര്‍ക്കും പ്രയോജനമില്ലാതെ കല്‍ക്കരി ട്രെയിന്‍ പാത

ചവറ: കറുത്ത പുകയുയര്‍ത്തി കല്‍ക്കരിയും വഹിച്ചുകൊണ്ട് കിതച്ച് കിതച്ച് തീവണ്ടിയോടിയിരുന്ന ഒരു പ്രതാപകാലം ഈ പാളത്തിനും പറയാനുണ്ട്. പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിലേക്ക് ആവശ്യമായ കല്‍ക്കരിയുമായി തീവണ്ടികള്‍ കടന്നു പോയിരുന്നത് ഈ പാളത്തിലൂടെയായിരുന്നു. കെഎംഎംഎല്ലിലെ ബോയിലര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കല്‍ക്കരി കൊണ്ടു പോയിരുന്ന പതിറ്റാണ്ടുകള്‍ക്ക് മുന്നേ നിര്‍മിച്ച ഈ പാതക്ക് 7.5 കിലോമീറ്റര്‍ ദൂരമുണ്ട്. കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാത കന്നേറ്റി പാലത്തിന് പടിഞ്ഞാറ് പാലത്തിന് താഴ് ഭാഗത്ത് കൂടി പള്ളിക്കലാറിന് മുകളിലൂടെയുള്ള കൊതുമുക്ക് പാലത്തിലൂടെയാണ് കെഎംഎംഎല്ലില്‍ എത്തുന്നത്. കാലം മാറി. പിന്നീട് പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ കാരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിച്ച കല്‍ക്കരി മാറി ഫര്‍ണസ് ഓയിലായി.  ഈ പാളത്തിന് മീറ്ററുകളുടെ അന്തരത്തില്‍ സമാന്തരമായി കടന്ന് പോകുന്ന ദേശീയ പാതയായ എന്‍എച്ച് 47 വഴി ഫര്‍ണസ് ഓയില്‍ ടാങ്കറുകളില്‍ കൊണ്ടുവരാന്‍ തുടങ്ങി. അതോടെ ഇതുവഴിയുള്ള തീവണ്ടികളുടെ വരവും എന്നന്നേക്കുമായി നിലച്ചു. ഇപ്പോള്‍ പത്തൊമ്പത് വര്‍ഷമായി റെയില്‍ പാത ഉപയോഗമില്ലാതെ കിടക്കുകയാണ്.  ഈ പാത തെളിച്ച് വാഹന ഗതാഗതത്തിന് അനുയോജ്യമായ രീതിയിലാക്കണമെന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഇതിനിടയില്‍ രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ മദ്യപാനത്തിനും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കുമായി കാടുപിടിച്ചു കിടക്കുന്ന പാതയുടെ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി. മുന്തിയ ഇനം തടികൊണ്ട് നിര്‍മിച്ച സ്ലീപ്പറുകളും ഗര്‍ഡറുകളും പാളത്തിന്റെ മറ്റു ഭാഗങ്ങളും മോഷണം പോയി.   മണ്ണുമാഫിയയുടെയും കയ്യേറ്റക്കാരുടെയും സാന്നിധ്യമുണ്ടായി. പാളത്തിന്റെ അടിഭാഗത്തു നിന്നും വന്‍തോതില്‍ മണ്ണ് കുഴിച്ചെടുത്തു. പിന്നീട് കെഎംഎംഎല്‍ കമ്പനി ഇത് തടയാന്‍ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട്  അതെപ്പോഴോ നിലച്ചു. കരുനാഗപ്പള്ളി നഗരത്തില്‍ ഇപ്പോള്‍ തന്നെ ഗതാഗത കുരുക്ക് ഗുരുതരമാണ്. കൂടാതെ ദേശീയപാതയില്‍ കന്നേറ്റി മുതല്‍ ശങ്കരമംഗലംവരെ നൂറ് കണക്കിന് അപകട മരണങ്ങള്‍ക്ക് ഇടയായ അപകട സാധ്യത കൂടിയ മേഖലയില്‍ പെട്ടതുമാണ്.  ഈ പശ്ചാത്തലത്തില്‍ കെഎംഎംഎല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റെയില്‍ പാത സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതയുടെ സമാന്തരപാതയാക്കി മാറ്റാനാവും. കൂടാതെ കമ്പനിക്ക്  ആവശ്യമായ എല്‍പിജി, ക്‌ളോറിന്‍, ഫര്‍ണസ് ഓയില്‍, മറ്റ് ആസിഡുകള്‍ എന്നിവ ഈ സമാന്തര പാതയിലൂടെ എത്തിച്ചാല്‍ ഏറെക്കുറെ അപകടങ്ങളും ഒഴിവാക്കാം. എന്നാല്‍ ഇപ്പോഴും ന്യായങ്ങളും സാങ്കേതികത്വവും പറഞ്ഞ് കയ്യൊഴിയുകയാണ് ജനപ്രതിനിധികള്‍. കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള വലിയ പൈപ്പുകള്‍ കടന്ന് പോകുന്ന ശാസ്താംകോട്ട മുതല്‍ കെഎംഎംഎല്‍ ജങ്ഷന്‍ വരെയുള്ള പാത എന്‍ കെ പ്രേമചന്ദ്രന്‍ മന്ത്രിയായിരുന്നപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടന്ന് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഇടപെടീല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it