ആര്‍എസ്ബിവൈ കാര്‍ഡുള്ളവര്‍ക്ക് കാരുണ്യ സഹായം; സമഗ്രപദ്ധതി തയ്യാറാക്കും- മന്ത്രി

തിരുവനന്തപുരം: ആര്‍എസ്ബിവൈ കാര്‍ഡുള്ളവര്‍ക്കെല്ലാം കാരുണ്യ ബെനവലന്റ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്ന തരത്തില്‍ സമഗ്രപരിപാടി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
അതുവരെ കാരുണ്യ പദ്ധതി നിലവിലെ രീതിയില്‍ തുടരും. അതേസമയം, മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതുപോലെ 3,000 രൂപയും 5,000 രൂപയും മന്ത്രി എഴുതിക്കൊടുക്കുന്ന സമ്പ്രദായമുണ്ടാവില്ലെന്നും വി പി സജീന്ദ്രന്റെ സബ്മിഷന് തോമസ് ഐസക് മറുപടി നല്‍കി. കാരുണ്യ പദ്ധതി പ്രകാരം സഹായം ലഭിക്കുന്ന പട്ടികയില്‍ കൂടുതല്‍ രോഗങ്ങള്‍ ഉള്‍പ്പെടുത്തും. പക്ഷാഘാതം, അവയവമാറ്റം, തുടര്‍ചികില്‍സാ സഹായം എന്നിവയ്ക്കു കൂടി കാരുണ്യ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും.
നിലവിലെ ആര്‍എസ്ബിവൈ പദ്ധതി വിപുലീകരിച്ചായിരിക്കും സമഗ്രപരിപാടി കൊണ്ടുവരിക. നേരത്തേ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഇരിക്കൂര്‍ മണ്ഡലത്തിലെ കാപ്പിമല, വൈതര്‍കുണ്ട്, പാത്തന്‍പാറ, നൂലിട്ടാമല, നെല്ലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് കെ സി ജോസഫിന്റെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
അടിയന്തര സഹായമായി 5,000 രൂപ അനുവദിച്ചിട്ടുണ്ട്. നഷ്ടം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ മതിയായ ധനസഹായം നല്‍കും. കൃഷിനാശം സംഭവിച്ചവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായുള്ള നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it