ആര്‍എസ്പി സെക്രട്ടേറിയറ്റില്‍ അസീസിനെതിരേ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റില്‍ സെക്രട്ടറി എ എ അസീസിനെതിരേ രൂക്ഷവിമര്‍ശനം. ജനവികാരം മനസ്സിലാക്കുന്നതില്‍ നേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടു. സെക്രട്ടറിയുടെ താന്‍ എന്ന ഭാവമാണ് തോല്‍വിക്ക് കാരണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയപ്പോള്‍ പകരം ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ പോലും സെക്രട്ടറി തയ്യാറായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനായില്ലെന്നാണ് ആര്‍എസ്പി സെക്രട്ടേറിയറ്റിന്റെ പൊതുവിലയിരുത്തല്‍. എല്‍ഡിഎഫിലേക്ക് മടങ്ങേണ്ടതായിരുന്നുവെന്നും യോഗത്തി ല്‍ അഭിപ്രായം ഉയര്‍ന്നു. കോ ണ്‍ഗ്രസ് നേതൃത്വത്തിനും പാര്‍ട്ടി നേതൃത്വത്തിനും എതിരേ രൂക്ഷവിമര്‍ശനവുമുണ്ടായി. എന്നാല്‍ ഷിബു ബേബി ജോണ്‍ യോഗത്തില്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതിനായി ജൂണ്‍ 1, 2 തിയ്യതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും.
അതേസമയം, തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ മുന്നണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് രംഗത്തെത്തി. യുഡിഎഫിലേക്ക് വരേണ്ടതില്ലായിരുന്നുവെന്നും യുഡിഎഫിന് ബൂര്‍ഷ്വാ സെറ്റപ്പാണെന്നും അസീസ് പറഞ്ഞു. ഇരുമുന്നണികളുടെയും പ്രവര്‍ത്തനശൈലി വിഭിന്നമാണ്. പാര്‍ട്ടി പ്ലീനമുണ്ടാവുമ്പോള്‍ ഒരു പുനര്‍ചിന്ത വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it