Flash News

ഹാദിയ കേസ് : ആര്‍എസ്എസ് സഹായം വെളിപ്പെടുത്തി പിതാവ് അശോകന്‍

ഹാദിയ കേസ് : ആര്‍എസ്എസ് സഹായം വെളിപ്പെടുത്തി പിതാവ് അശോകന്‍
X
കോട്ടയം: ഡോ. ഹാദിയ കേസ് നടത്തിപ്പിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പിതാവ് അശോകന്‍. സുപ്രിംകോടതിയില്‍ അഭിഭാഷകരുടെ കമ്പനിയാണ് കേസ് നടത്തിയത്. അഭിഭാഷകരെ സ്‌പോണ്‍സര്‍ ചെയ്തതും കമ്പനിയാണ്. കമ്പനി ഏതെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്നുള്ള മലയാളി അഭിഭാഷകന്‍ വൈക്കത്തെ വീട്ടിലെത്തി കേസ് നോക്കിക്കോളാമെന്നു പറഞ്ഞ് ഏറ്റെടുക്കുകയായിരുന്നെന്ന് അശോകന്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തോടാണ് അശോകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.



ഹാദിയക്കു വേണ്ടിയുള്ള നിയമപോരാട്ടത്തിന് 99.52 ലക്ഷം രൂപ ചെലവായെന്ന വിവരം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ വരവുചെലവു കണക്ക് അശോകന്‍ വ്യക്തമാക്കിയത്. സുപ്രിംകോടതിയില്‍ ഹാദിയ കേസിന്റെ നടത്തിപ്പിന് വ്യക്തിപരമായി ഏഴുലക്ഷം രൂപയാണു ചെലവായത്. പ്രധാനമായും ഹൈക്കോടതിയില്‍നിന്നുള്ള അഭിഭാഷകന്റെ പോക്കുവരവിനുള്ള ട്രെയിന്‍ ടിക്കറ്റും മറ്റു ചെലവുകളുമാണ് താന്‍ നോക്കിയത്. ഏഴുലക്ഷത്തിനു പുറമേ ഹൈക്കോടതിയിലും നല്ലൊരു തുക ചെലവായി. എന്നാല്‍, അതോര്‍മയില്ല.
തന്റെ കൈയില്‍ പൈസയില്ലാതെ വരുമ്പോള്‍ ബിജെപിയാണ് പണം നല്‍കിയിരുന്നത്. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തും വക്കീലിന്റെ അക്കൗണ്ടിലേക്ക് പണമിട്ടുകൊടുത്തും സഹായിക്കാറുണ്ടായിരുന്നു. അത് എത്ര രൂപയെന്ന് അവര്‍ പറഞ്ഞിട്ടില്ല. തന്റെ കൈയില്‍ പൈസയില്ലാതെ വരുമ്പോള്‍ അവര്‍ക്കറിയാമെന്നും അശോകന്‍ പറയുന്നു.
ഹാദിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ അശോകന്‍ രൂക്ഷമായി വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടെ സംഘടന വാപൊളിച്ചു നില്‍ക്കുകയായിരുന്നുവെന്നും സമുദായനേതാവായി നടക്കുന്ന വെള്ളാപ്പള്ളി ഒന്നും മിണ്ടിയില്ലെന്നുമായിരുന്നു അശോകന്റെ കുറ്റപ്പെടുത്തല്‍. എസ്എന്‍ഡിപി വൈക്കം യൂനിയന്‍ തന്നെ വന്നുകണ്ട് പ്രഹസനം നടത്തി പോയി. തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ആര്‍എസ്എസിന്റെ ഒരുവിഭാഗം വൈക്കം യൂനിയനെ സമീപിച്ചപ്പോള്‍ 10,000 രൂപ നല്‍കി. എന്നാല്‍, സുപ്രിംകോടതിയിലെ കേസില്‍ ഈ തുക എന്തുചെയ്യാനാണ്. സ്വത്തുക്കള്‍ ഏതെങ്കിലും ട്രസ്റ്റിന് എഴുതിവയ്ക്കാനാണു പലരും പറഞ്ഞത്. പക്ഷേ, മകള്‍ തിരിച്ചുവരുമെന്ന കണക്കുകൂട്ടലിലാണു താന്‍. ഹിന്ദുവായി മകള്‍ തിരിച്ചുവന്നെങ്കില്‍ മാത്രമേ അംഗീകരിക്കൂ.
ഇനി കേസുമായി മുന്നോട്ടുപോവാനില്ല. എപ്പോഴും മകളെ ശല്യംചെയ്താല്‍ അവള്‍ക്ക് ചിന്തിക്കാനുള്ള സമയം കിട്ടില്ല. അച്ഛനെ വിട്ടുപോയതു ശരിയല്ലെന്ന് അവള്‍ക്ക് നാളെ ചിന്തിക്കാനുള്ള സമയം കൊടുക്കുകയാണ്. വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ എഴുതിക്കൊടുക്കുന്നതാണ് അവള്‍ വായിക്കുന്നതെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it