ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരേ മുഖ്യമന്ത്രി ; കേരളത്തോടുള്ള വെല്ലുവിളി



തിരുവനന്തപുരം: കേരള സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ആരോപണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യ പോരാട്ടത്തോട് പുറംതിരിഞ്ഞുനിന്ന് സാമ്രാജ്യസേവ നടത്തിയ പാരമ്പര്യമുള്ള ആര്‍എസ്എസിന്റെ തലവന്‍ കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ് കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നത്. ബിജെപിയുടെ വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ മറയ്ക്കാന്‍ കേരളത്തിനു നേരെ തിരിയുകയാണ് മോഹന്‍ ഭാഗവത്. ഈ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'ഗോസംരക്ഷണ' കൊലപാതകങ്ങളും വര്‍ഗീയധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കില്‍ അതു തെറ്റായ ദിശയിലുള്ള സഞ്ചാരമാണെന്ന് ആര്‍എസ്എസിനെ ഓര്‍മിപ്പിക്കുന്നു. വര്‍ഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വര്‍ഗീയശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ദാക്ഷിണ്യമില്ലാതെ സര്‍ക്കാര്‍ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരെ ആരു വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടും. മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് നാടിന്റെ ശക്തി. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്. സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെയും കേരളീയന്റെയും അവിസ്മരണീയ പങ്കാളിത്തമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്‌നങ്ങളോടു ഉദാസീനമായ സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണ് സര്‍ക്കാര്‍ എന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ ആരോപണം.
Next Story

RELATED STORIES

Share it