ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ ലേഖനം; പശുവിനെ അറക്കുന്നവരെ കൊല്ലാമെന്ന് വേദങ്ങളിലുണ്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖപത്രം. പശുവിനെ കൊല്ലുന്നവരെ വധിക്കാമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ദാദ്രിയില്‍ 52കാരനായ കുടുംബനാഥനെ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ അടിച്ചുകൊന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവത്തെ ന്യായീകരിച്ച് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. ഗോവധം നടത്തുന്ന പാപികളെ  കൊല്ലാന്‍ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.

പശുവിനെ കൊല്ലു—ന്നത് ഹിന്ദുവിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. പശുവിനെ കൊല്ലു—ന്ന പാപികള്‍ക്ക് വധശിക്ഷ നല്‍കാന്‍ യജുര്‍വേദം 30.18ല്‍ പറയുന്നുണ്ട്. അത്തരമൊരു പാപം ചെയ്തതിനാലാവാം മുഹമ്മദ് അഖ്്‌ലാഖ് കൊല്ലപ്പെട്ടത്. ഭൂരിപക്ഷവിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതിനുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് ദാദ്രിയില്‍ നടന്നത്. ഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ മാനിച്ചില്ലെങ്കില്‍ പ്രതികരണം എങ്ങനെയാവുമെന്ന് പറയാനാവില്ല. ഏതൊരു പ്രവൃത്തിക്കും പ്രതിപ്രവര്‍ത്തനം ഉണ്ടാവുമെന്ന ഐസക് ന്യൂട്ടന്റെ സിദ്ധാന്തം ഉദ്ധരിച്ചാണ് ലേഖനം കൊലപാതകത്തെ ന്യായീകരിക്കുന്നത്. ഹിന്ദുക്കളെ ഇസ്്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പശുവിറച്ചി ഉപയോഗപ്പെടുത്തുന്നുണ്ട്. ഭാരതീയ ആചാരങ്ങളെ വെറുക്കണമെന്നാണ് മദ്‌റസകളില്‍ പഠിപ്പിക്കുന്നത്. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് പശുവിനെ കൊ—ന്നത് ഇതിന്റെ സ്വാധീനമാവാം.

മദ്‌റസകള്‍ വഴി മുസ്്‌ലിം പണ്ഡിതന്‍മാര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വെറുക്കാന്‍ പഠിപ്പിക്കുകയാണെന്നും ഈ കലഹത്തിന്റെ മറുപുറം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഹിന്ദി എഴുത്തുകാരന്‍ തുഫൈല്‍ ചതുര്‍വേദിയെന്ന വിനയ് കൃഷ്ണ ചതുര്‍വേദി പറയുന്നു. ദാദ്രി സംഭവത്തെത്തുടര്‍ന്ന് അവാര്‍ഡുകള്‍ തിരികെ നല്‍കിയ എഴുത്തുകാര്‍ ഗോവധത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടെന്നും ലേഖനം ചോദിക്കുന്നു. ലേഖനം വിവാദമായതോടെ വിശദീകരണവുമായി ആര്‍എസ്എസ് രംഗത്തെത്തി. ദാദ്രി സംഭവത്തെ ന്യായീകരിച്ച നിലപാട് ലേഖകന്റെ മാത്രമാണെന്നും ആര്‍എസ്എസിന്റേതല്ലെന്നും സംഘടനാ വക്താവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു.
Next Story

RELATED STORIES

Share it