kannur local

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കലാപശ്രമത്തിനു കേസ്

തളിപ്പറമ്പ്: ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ ഉയര്‍ന്നുവന്ന സമരത്തിലൂടെ ശ്രദ്ധേയമായ കീഴാറ്റൂര്‍ വയലില്‍ വിവാദമൊഴിയുന്നില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ചും വ്യത്യസ്തത കൊണ്ടും നാളുകള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ഭൂഉടമകളില്‍ പലരെയും മോഹവില നല്‍കി സമ്മതപത്രം വാങ്ങിയെങ്കിലും സിപിഎമ്മും സമരത്തിനു നേതൃത്വം നല്‍കിയ വയല്‍കിളികള്‍ എന്ന കൂട്ടായ്മയും തമ്മിലുള്ള പോര് തുടരുകയാണ്.
ഇതിനിടെ, മുതലെടുപ്പ് ശ്രമവുമായെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്നതും വിവാദം കൊഴുപ്പിക്കുകയാണ്. തൃഛംബരം ക്ഷേത്രോല്‍സവത്തിനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച ബജ്്‌റങിദള്‍ നേതാവ് ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തെ പിടികൂടിയപ്പോള്‍ ലഭിച്ച മൊഴിയാണ് പുതിയ സംഭവികാസങ്ങള്‍ക്കു കാരണം.
വയല്‍ക്കിളി പ്രവര്‍ത്തകരെയോ സിപിഎം പ്രവര്‍ത്തകരെയോ വധിച്ച് കീഴാറ്റൂരിലും തളിപ്പറമ്പിലും കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ വി വേണുഗോപാലന്റെ പ്രത്യേക സ്‌ക്വാഡ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പിടിയിലായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കലാപത്തിനു ശ്രമിച്ചെന്ന വകുപ്പ് കൂടി ചേര്‍ത്ത് പുതിയ കേസ് തളിപ്പറമ്പ് പോലിസ് രജിസ്റ്റര്‍ ചെയ്തു.
താവത്തെ ബാറില്‍ പ്രശ്‌നമുണ്ടാക്കിയ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുള്ളൂലിലെ വീട്ടില്‍നിന്നു മദ്യപിച്ച ശേഷമാണ് ആയുധങ്ങളുമായി കീഴാറ്റൂരിലെത്തിയത്. ഇവര്‍ കീഴാറ്റൂരില്‍ പോയതും സിപിഎമ്മിന്റെ കൊടി നശിപ്പിച്ചതും മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നാണ് പോലിസിനു ലഭിച്ച വിവരം. വയല്‍ക്കിളി സമരത്തിനു നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂരിന്റെ സഹോദരന്‍ രതീഷ് ഉള്‍പ്പെടെയുള്ള സമരപ്രവര്‍ത്തകര്‍ രാത്രി 12.45വരെ കീഴാറ്റൂര്‍ വെയിറ്റിങ് ഷെല്‍റ്ററില്‍ ഉണ്ടായിരുന്നു.
സമീപത്തു തന്നെ സിപിഎം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവര്‍ റോഡരികിലുണ്ടെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കീഴാറ്റൂരില്‍ നിന്ന് വിവരം ലഭിച്ചെന്നാണു പോലിസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it