thrissur local

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: ഒരാള്‍കൂടി അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബ്രഹ്മകുളം പഷ്ണിപുര ചേലക്കല്‍ നന്ദകുമാറാണ് അറസ്റ്റിലായത്. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തിലെ മറ്റു പ്രതികള്‍ക്കൊപ്പം ഗൂഡാലോചന നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ 12ന് സുഹൃത്തുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ആനന്ദനെ കാറിടിച്ച് വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2013ല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുന്നംകേരത്ത് ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദന്‍. ഫാസിലിന്റെ സഹോദരന്‍ ഫാഹിസ് ഉള്‍പ്പെടെയുള്ള മൂന്ന് പേരെ രണ്ടു ദിവസത്തിനിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്ന് പേരുമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ക്ക് ആനന്ദന്‍ വരുന്ന വിവരം ഫോണില്‍ അറിയിക്കുകയും സംഭവത്തില്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന് രണ്ടുപേരെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അഞ്ച് പേരും റിമാന്റിലാണ്. സംഭവ ശേഷം അഹമ്മദാബാദില്‍ ഒളിവിലായിരുന്ന നന്ദകുമാര്‍ ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് കേസന്വേഷണ ചുമതലയുള്ള സി.ഐ. ഇ ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it