Flash News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : സംഘര്‍ഷ സാധ്യത മേഖലകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു



ഗുരുവായൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ലുക്കൗട്ട് നോട്ടീസ് പോലിസ് പുറത്തിറക്കി. ഫായിസ്, സുഹൃത്തുക്കളായ ജിതേഷ്, മനു എന്നിവര്‍ക്കായാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. ബൈക്ക് ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാര്‍ ഫായിസിന്റേതായിരുന്നു.ഗുരുവായൂര്‍ എസിപി പി എ ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികളെക്കുറിച്ച് പോലിസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊല്ലപ്പെട്ട ആനന്ദന്‍ സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ്. ഫാസിലിന്റെ സഹോദരനാണ് ഫായിസ്.  കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ സമാധാനപരമായിരുന്നു. അതേസമയം, ഹര്‍ത്താലനുകൂലികള്‍ പലയിടത്തും സിപിഎം ഫഌക്‌സ് ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും നശിപ്പിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ രണ്ട് ദിവസത്തേക്ക് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നുമാണ് നിരോധനാജ്ഞ. ഇതനുസരിച്ച് അഞ്ചോ, അഞ്ചിലധികമോ ആളുകള്‍, കൂട്ടം കൂടി നില്‍ക്കാനോ, ജാഥ, പ്രകടനം, പൊതുയോഗം എന്നിവ നടത്താനോ പാടുള്ളതല്ല. കല്യാണം,  മതാനുഷ്ഠാനങ്ങള്‍ എന്നിവ ജില്ലാ പോലിസ് മേധാവിയുടെ സമ്മതത്തോടെ നടത്തുന്നതിന് തടസ്സമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ആനന്ദന്റെ മൃതദേഹം വന്‍ പോലിസ് അകമ്പടിയോടെയാണ് ഇന്നലെ ഉച്ചയോടെ നെന്മിനിയിലെ വസതിയിലെത്തിച്ചത്. വൈകീട്ടോടെ ചെറുതുരുത്തി പള്ളം തീരത്ത് സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it