Flash News

ആര്‍എസ്എസ് പോഷക സംഘടനയുടെ ഇഫ്താറിന് എതിരേ ശക്തമായ പ്രതിഷേധം

ആര്‍എസ്എസ് പോഷക സംഘടനയുടെ ഇഫ്താറിന് എതിരേ ശക്തമായ പ്രതിഷേധം
X


മഞ്ചേശ്വരം (കാസര്‍കോട്): ആര്‍എസ്എസിന്റെ പോഷക സംഘടനയായ മുസ് ലിം രാഷ്ട്രീയ മഞ്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനെതിരേ ശക്തമായ പ്രതിഷേധം. വിവിധ മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടക്കുന്ന വേദിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. മുസ് ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ ജനകീയ ഇഫ്താര്‍ വിരുന്നും നടന്നു. ഒരു ഭാഗത്ത് മുസ് ലിം സമുദായത്തെ കൊന്നൊടുക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയും ചെയ്യുന്ന ആര്‍എസ്എസ് മറുഭാഗത്ത് ഇഫ്താര്‍ വിരുന്നുകള്‍ പോലുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തി പൊതു ഇടങ്ങളില്‍ പ്രതിഛായ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ മഞ്ച് നടത്തുന്ന ഇഫ്താറും മറ്റു പരിപാടികളും പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞ് ഇത്തരം പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നും മുസ് ലിം ഐക്യവേദി ആഹ്വാനം ചെയ്തു. മുസ് ലിം യൂത്ത്‌ലീഗ്, പിഡിപി, പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പരിപാടിയില്‍ പങ്കെടുക്കേണ്ട ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും സംഘപരിവാറിലെ വിഭാഗീയത നിമിത്തം പങ്കെടുക്കാത്തത് കനത്ത തിരിച്ചടിയായിരുന്നു. കൂടാതെ രാഷ്ട്രീയ പ്രതിനിധികള്‍ ആരും പരിപാടിക്ക് എത്തിയില്ല.  അതേസമയം, ആര്‍എസ്എസ് ഇഫ്താര്‍ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ടു എന്ന വാര്‍ത്ത കാന്തപുരം സുന്നി വിഭാഗം നിഷേധിച്ചു. തങ്ങളെ ആരും ഇഫ്താറിന് ക്ഷണിച്ചിരുന്നില്ല. തങ്ങളെ ക്ഷണിച്ചു എന്ന മുസ് ലിം മഞ്ച് നേതാവിന്റെ അവകാശവാദത്തിനു പിന്നിലുള്ളത് മുസ് ലിം സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഭാഗമാണെന്നും സുന്നി നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it