Dont Miss

ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ ഫോട്ടോ നിര്‍മിച്ചത് മോദിയുടെ ട്വിറ്റര്‍ സുഹൃത്ത്

ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ ഫോട്ടോ നിര്‍മിച്ചത് മോദിയുടെ ട്വിറ്റര്‍ സുഹൃത്ത്
X

ന്യൂഡല്‍ഹി: നാഗ്പൂരിലെ ആര്‍എസ്എസ് പരിശീലന ക്യാംപില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് തൊപ്പിയണിഞ്ഞ് നില്‍ക്കുന്ന വ്യാജ ഫോട്ടോ നിര്‍മിച്ചതാരെന്ന് വ്യക്തമായി. സംഘപരിവാരത്തിന്റെ സൈബര്‍ പോരാളിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നയാളുമായ മിഹിര്‍ജാ ആണ് സുഹൃത്തിന്റെ സഹായത്തോടെ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചതെന്ന് ഇന്ത്യടുഡേ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ക്യാംപില്‍ എന്ത് സംസാരിച്ചാലും സംഘപരിവാരം അദ്ദേഹത്തിന്റെ സാന്നിധ്യം പല രീതിയില്‍ ദുരുപയോഗം ചെയ്യുമെന്ന് പരിപാടിക്ക് മുമ്പ് തന്നെ മകള്‍ ശര്‍മിഷ്ട മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിപാടി നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രണബ് പരിപാടിയില്‍  ആര്‍എസ്എസ് രീതിയില്‍ സല്യൂട്ട് ചെയ്ത്(ധ്വജ പ്രണാമം) തൊപ്പിയിട്ട് നില്‍ക്കുന്ന ചിത്രം പുറത്ത് വന്നത്. ഈ ഫോട്ടോ ചൂണ്ടിക്കാട്ടി താന്‍ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു എന്ന് ശര്‍മിഷ്ട പിന്നീട് ട്വീറ്റ് ചെയ്തു.

ആര്‍എസ്എസ് നേതാക്കള്‍ ധ്വജപ്രണാമം നടത്തുമ്പോള്‍ പ്രണബ് അറ്റന്‍ഷനിലാണ് നിന്നിരുന്നതെന്നും തൊപ്പി അണിഞ്ഞിരുന്നില്ലെന്നും പരിപാടിയുടെ ഫോട്ടോകളില്‍ നിന്നും വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശര്‍മിഷ്ടയുടെ ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ വ്യാജ ഫോട്ടോ നിര്‍മിച്ചത് സംഘപരിവാരമാണെന്ന് വ്യക്തമായിരിക്കുന്നത്.

സൈബര്‍ സ്‌പേസില്‍ റിവേഴ്‌സ് സെര്‍ച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം തുടക്കത്തില്‍ ഏതാനും പേര്‍ ചേര്‍ന്നാണ് പുറത്തുവിട്ടതെന്ന് വ്യക്തമായി. ഫോട്ടോ വിവാദമായതിന് പിന്നാലെ ഇതില്‍ ചിലര്‍ തങ്ങളുടെ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. എന്നാല്‍, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യായുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മിഹിര്‍ ജാ(@MihirKJha) എന്നയാള്‍ @Athiest_Krishna എന്ന ട്വിറ്റര്‍ പേരിലുള്ള തന്റെ സുഹൃത്തിനോട് പ്രണബിന്റെ തലയില്‍ ഒരു തൊപ്പി വച്ച് കൊടുക്കാമോ എന്നും കൈ വച്ചിരിക്കുന്ന രൂപം മാറ്റിക്കൊടുക്കാമോ എന്നും ചോദിക്കുന്ന ട്വീറ്റ് പുറത്തുവന്നു. ഫോട്ടോഷോപ്പ് വിദഗ്ധനായ @Athiest_Krishna പ്രണബിന്റെ വ്യാജ ചിത്രം നിര്‍മിക്കും മുമ്പ് തന്നെ ഇരുവരുടെയും സുഹൃത്തായ അഭി ജാ( @DarrKeAage) എന്നയാള്‍ ഇടപെടുകയും പരിപാടിയുടെ വീഡിയോ ദൃശ്യത്തില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് ഫോട്ടോ നിര്‍മിച്ച് നല്‍കുകകയുമായിരുന്നു.

തുടര്‍ന്ന് ജൂണ്‍ 7ന് നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ ഒരു സുഹൃത്ത് എടുത്തതാണെന്ന കമന്റോടെ ഈ ഫോട്ടോ മിഹിര്‍ പോസ്റ്റ് ചെയ്തു. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. മൂന്നു പേരുടെയും പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ സംഘപരിവാരബന്ധം വ്യക്തമായി. ഇതില്‍ മിഹിര്‍ ജാ പ്രധാനമമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്നയാളാണ്. അഭി ജായും കൃഷ്ണയും സംഘപരിവാരത്തിന് വേണ്ടി സജീവമായി ഇടപെടുന്നവരുമാണ്. ഇരുവരെയും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ ഫോളോ ചെയ്യുന്നുണ്ട്.

അതേ സമയം, ഫോട്ടോ ഉണ്ടാക്കിയത് തങ്ങളാണെന്ന് മൂന്നു പേരും സമ്മതിച്ചു. എന്നാല്‍, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും ദുരുദ്ദേശമൊന്നും ഇല്ലെന്നുമാണ് മൂന്നുപേരും അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it