ആര്‍എസ്എസ് തന്നെയാണ് ബിജെപിയെന്ന് കുമ്മനം

കാസര്‍കോട്: ആര്‍എസ്എസ് തന്നെയാണ് ബിജെപിയെന്നും ബിജെപി പുനസ്സംഘടനയില്‍ ആരേയും തഴഞ്ഞിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ട കാര്യം ബിജെപി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ നിയമസഭയിലേക്കു മല്‍സരിക്കും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ജനങ്ങളെ പരീക്ഷിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ ഈ പരീക്ഷണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം വരണം. അക്രമവും കൊലപാതകവും നടത്തുന്ന കാലം കഴിഞ്ഞു. സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും വഴിയാണ് ഇനി നമുക്കു വേണ്ടത്. ഇതിനു വേണ്ടി വിവിധ തുറകളിലുള്ളവരുമായി താന്‍ ചര്‍ച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതങ്ങളുമായി ആശയവിനിമയം നടത്തി ശാന്തിയും സമാധാനവും കൈവരിക്കലാണു ലക്ഷ്യം. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം ചര്‍ച്ച ചെയ്യപ്പെടണം. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലും സ്ത്രീകള്‍ക്ക് അവഗണന നേരിടുന്നുണ്ട്. ഇതും ചര്‍ച്ച ചെയ്യപ്പെടണം. ശബരിമലയില്‍ ഇപ്പോള്‍ ഒരു ആചാരത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപ്പളയില്‍ നിന്ന് ആരംഭിക്കുന്ന കുമ്മനത്തിന്റെ കേരള വിമോചന യാത്ര ഇന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍കുമാര്‍ കട്ടീല്‍ എംപി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it